ADVERTISEMENT

ഇസ്തംബുൾ ∙ കുന്നോളമുയർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ജീവനുവേണ്ടിയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്. അതിശൈത്യവും മഴയും നിറഞ്ഞ തടസ്സമാകുമ്പോഴും ശബ്ദമോ നിലവിളിയോ ഉയരുന്നുണ്ടോ എന്നു കാതോർത്ത് തിരച്ചിൽ മുന്നേറുന്നു. 

കുടുങ്ങിപ്പോയവരിൽ ചിലർ സ്ഥലവിവരങ്ങളടങ്ങിയ ശബ്ദ സന്ദേശങ്ങൾ ഫോണിലൂടെ അയയ്ക്കുന്നുണ്ട്. തകർന്ന വീടുകൾക്കു സമീപം ഉറ്റവരുടെയും കുട്ടികളുടെയും പേരുകൾ ഉറക്കെ വിളിച്ചു തിരയുന്ന ബന്ധുക്കളാണ് എല്ലായിടത്തും. വാർത്താവിനിമയ ബന്ധമറ്റതും റോഡുകൾ തകർന്നതും ദുരന്തബാധിതരെ ഒറ്റപ്പെടുത്തി. 

സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനം പറഞ്ഞു. നഷ്ടമാകുന്ന ഓരോ നിമിഷവും ജീവനോടെ ആളുകളെ കണ്ടെത്താനുള്ള സാധ്യത കുറയ്ക്കുകയാണ്. പല പ്രദേശങ്ങളിൽ വൈദ്യുതിയും വെള്ളവും ഇല്ലാത്തതു ദുരിതം കൂട്ടി.

തുർക്കി അധികൃതരുടെ കണക്കുപ്രകാരം 3 ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിൽ 5775 കെട്ടിടങ്ങളാണു തകർന്നത്. ഇതിൽ ചരിത്രപ്രാധാന്യമുള്ള പൗരാണികകെട്ടിടങ്ങളും ഉൾപ്പെടുന്നു. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു. 

ഭൂകമ്പം അവസരമാക്കി ഭീകരർ ജയിൽ ചാടി

അസാസ് (സിറിയ) ∙ ഭൂചലനത്തിൽ ജയിൽഭിത്തികൾ വിണ്ടുകീറിയതിനു പിന്നാലെയുണ്ടായ കലാപത്തിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽപ്പെട്ട 20 തടവുകാർ ജയിൽ ചാടി. വടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപം റജോയിലുള്ള സൈനികജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ തടവുകാർ കലാപമുണ്ടാക്കിയപ്പോഴാണ് ഭീകരകുറ്റവാളികൾ അവിടെനിന്ന് രക്ഷപ്പെട്ടത്. ജയിലിലെ 2000 തടവുകാരിൽ 1300 പേരും ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ളവരാണ്. കുർദ് സേനകളിൽനിന്നുള്ളവരും ഇവിടെയുണ്ട്.

∙ തിങ്കളാഴ്ചയുണ്ടായ വൻഭൂകമ്പത്തിൽ‌ തകർന്നടിഞ്ഞ് തുർക്കിയും സിറിയയും.

∙ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ആയിരക്കണക്കിനാളുകൾ. 

∙  പരുക്കേറ്റവർ 20,000 കവിഞ്ഞു. 

∙ ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ 11,000 കെട്ടിടങ്ങൾ 

∙ രാജ്യാന്തര ദുരിതാശ്വാസ സംഘങ്ങൾ ദുരന്തമേഖലയിലേക്ക്

∙ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിനു തടസ്സം

∙ മരിച്ചവരിൽ ആയിരത്തിലേറെ കുട്ടികളും

∙ തുർക്കിയിൽ തകർന്നത് ആറായിരത്തോളം കെട്ടിടങ്ങൾ

∙ അടിയന്തര സഹായമെത്തിച്ച് ഇന്ത്യയടക്കം 70 ലോകരാജ്യങ്ങൾ. നന്ദി പറഞ്ഞ് തുർക്കി.

∙ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന സംഘം. തിരച്ചിലിന് ഉപഗ്രഹാധിഷ്ഠിത സംവിധാനവും . 

∙ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ 13 രാജ്യങ്ങളും രംഗത്ത്.

∙ യുഎസിൽനിന്ന് 100 അംഗ വിദഗ്ധസംഘം. 

∙ റഷ്യ അയച്ചത് 300 വിദഗ്ധരടങ്ങിയ 10 യൂണിറ്റ് രക്ഷാസംഘം. 

∙ ഇസ്രയേൽ സേനയുടെ 150 എൻജിനീയർമാരും ഡോക്ടർമാരും അടങ്ങിയ സംഘം തുർക്കിയിലെത്തും. 

∙ ഐക്യരാഷ്ട്രസംഘടനയോടും അംഗരാജ്യങ്ങളോടും സിറിയ സഹായം തേടി. 

Content Highlight: Turkey, Syria earthquake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com