ADVERTISEMENT

ഇസ്‌ലാമാബാദ് ∙ തോഷഖാന കേസിൽ ജാമ്യമില്ലാ വാറന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ നൽകിയ ഹർജി സെഷൻസ് കോടതി തള്ളി. അതിനിടെ, ഇമ്രാന്റെ പ്രസംഗങ്ങളും വാർത്താസമ്മേളനങ്ങളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് അധികൃതർ വിലക്കി. ഇമ്രാന്റെ റാലികളിൽ പതിനായിരങ്ങളാണു പങ്കെടുക്കുന്നത്. തന്നെ അറസ്റ്റ് ചെയ്താൽ കൂട്ടത്തോടെ അറസ്റ്റ് വരിക്കാൻ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 

കരസേന മുൻമേധാവി ഖമർ ജാവേദ് ബജ്‌വയ്ക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെയാണ് പാക്ക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണു നടപടി. കഴിഞ്ഞ വർഷം ഇമ്രാനെതിരെ ഏർപ്പെടുത്തിയ ടിവി വിലക്ക് ഇസ്‌ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിരോധനം വന്നതിനുശേഷം ഇമ്രാന്റെ പഴയ പ്രസംഗം കൊടുത്ത എആർവൈ ടിവിയുടെ പ്രവർത്തനം അധികൃതർ നിർത്തിവയ്പിച്ചെന്നും റിപ്പോർട്ടുണ്ട്. 

കോടതിയിൽ തുടർച്ചയായി ഹാജരാകാതെ വന്നതോടെയാണു കഴിഞ്ഞ 28ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പൊലീസ് സംഘം എത്തിയെങ്കിലും അദ്ദേഹം പിടികൊടുത്തില്ല. വാറന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 2 അഭിഭാഷകർ നടത്തിയ വാദം വൈകിട്ടു വരെ നീണ്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് ജഡ്ജി നിർദേശിച്ചത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമാണു തോഷഖാന കേസ്.

English Summary: Imran Khan plea seeking suspension of arrest warrant rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com