ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധികാര പദവിയിൽ ഫ്രാൻസിസ് മാർപാപ്പ ഇന്ന് 10 വർഷം പൂർത്തിയാക്കുന്നു. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പയായത്. കത്തോലിക്കാ സഭയുടെ 266–ാമത്തെയും ഈശോസഭയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നും യൂറോപ്പിനു പുറത്തുനിന്നുമുള്ള ആദ്യത്തെയും മാർപാപ്പ.

വിട്ടുവീഴ്ചകളില്ലാതെ നവീകരണം

ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിൽ നവീകരണത്തിന്റെ പുതിയ അധ്യായമാണ് തുറന്നത്. ലോകമെങ്ങുമായി 330 സിനഡുകൾ നടത്തി സഭയെ തീക്ഷ്ണമാക്കി. വിശ്വാസകാര്യങ്ങളിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാതെ സഭയിൽ പുതിയ കാലത്തിനു യോജിച്ച പരിഷ്കാരങ്ങൾ വരുത്താനുള്ള ശ്രമം വിജയം കണ്ടു. സഭയുടെ ചരിത്രപരമായ തെറ്റുകൾക്ക് നിരുപാധികം മാപ്പപേക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ നടപടിയുണ്ടായി. സഭാഭരണത്തിലെ സാമ്പത്തികക്രമക്കേടുകൾ ഒഴിവാക്കുന്നതിനും ശക്തമായ ശ്രമങ്ങൾ നടത്തി. സഭാ ഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു.

ലാളിത്യത്തിന്റെ പ്രതീകം

പുതിയകാലത്തു സഭയുടെ സ്വീകാര്യത വർധിപ്പിക്കാൻ ലാളിത്യത്തിന്റെ പ്രതീകമായ ഫ്രാൻസിസ് മാർപാപ്പയ്ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ തുറന്നസമീപനം രാജ്യാന്തര പ്രശ്നങ്ങളിൽ വഴികാട്ടിയായി. 60 രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം 440 രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. സഭാ തലവനായി ഒരു വർഷം തികയുന്നതിനു മുൻപ് ഫ്രാൻസിസ് മാർപാപ്പയെ തേടി ടൈം വാരികയുടെ ‘ പഴ്‌സൻ ഓഫ് ദി ഇയർ’ ബഹുമതിയെത്തിയിരുന്നു.

മദർ തെരേസ ഉൾപ്പെടെ 911 പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1355പേരെ വാഴ്ത്തപ്പെട്ടവരായും. ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും 86–ാം വയസ്സിലും ഊർജസ്വലതയോടെ തന്റെ ദൗത്യം സഫലമാക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

English Summary: 10th anniversary of Pope Francis papacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com