ലൊസാഞ്ചലസ് ∙ രണ്ടു പുരസ്കാരം നേടി ഇന്ത്യ ഓസ്കർ തിളക്കത്തിൽ. ‘ആർആർആർ’ സിനിമയിലെ ‘നാട്ടുനാട്ടു’ മികച്ച ഗാനത്തിനും കാർത്തികി ഗോൺസാൽവസിന്റെ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യൂമെന്ററി ഷോർട്ട് വിഭാഗത്തിലുമാണു 95–ാമത് അക്കാദമി പുരസ്കാരം കരസ്ഥമാക്കിയത്. ഇതാദ്യമാണ് ഇന്ത്യയിൽ നിർമിച്ച 2 സിനിമകൾ ഈ അംഗീകാരം നേടുന്നത്.

എസ്.എസ്.രാജമൗലിയുടെ തെലുങ്കു സിനിമയായ ആർആർആറിൽ എം.എം.കീരവാണി സംഗീതം നൽകി, ചന്ദ്രബോസ് രചിച്ച നാട്ടുനാട്ടു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു. ഓസ്കർ ലഭിക്കുന്ന നാലാമത്തെ ഇംഗ്ലിഷ് ഇതര ഗാനമാണ്. ബ്രിട്ടിഷ് സിനിമയായ സ്ലംഡോഗ് മില്യനറിലെ എ.ആർ.റഹ്മാന്റെ ‘ജയ് ഹോ’ 2009 ൽ ഇതേ അംഗീകാരം നേടിയിരുന്നു. ലൊസാഞ്ചലസിലെ ഡോൾബി തിയറ്ററിൽ സദസ്സിനെ കോരിത്തരിപ്പിച്ച് 4 മിനിറ്റുള്ള നാട്ടുനാട്ടു രാഹുലും കാലഭൈരവയും ചേർന്ന് ആലപിച്ചു. നടി ദീപിക പദുക്കോൺ ആണു ഗാനാവതരണം നടത്തിയത്.
കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ചേർന്നൊരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഉപേക്ഷിക്കപ്പെട്ട ഒരു ആനക്കുട്ടിയും മനുഷ്യരും തമ്മിലുള്ള ബന്ധമാണു ചിത്രീകരിക്കുന്നത്. ഇന്ത്യ പശ്ചാത്തലമായ 2 ഷോർട്ട് ഡോക്യുമെന്ററികൾ നേരത്തേ ഓസ്കർ നേടിയിട്ടുണ്ടെങ്കിലും അവ നിർമിച്ചതു വിദേശികളായിരുന്നു.
സൗനക് സെൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘ഓൾ ദാറ്റ് ബ്രീത്തസ്’ അടക്കം ആകെ 3 സിനിമകൾക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് നാമനിർദേശം ലഭിച്ചത്.
മികച്ച സിനിമ, നടി, സംവിധാനം, തിരക്കഥ, സഹനടി, സഹനടൻ അടക്കം 7 മുഖ്യ പുരസ്കാരങ്ങൾ നേടി സയൻസ് ഫിക്‌ഷൻ കോമഡിയായ ‘എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്’ ഇത്തവണത്തെ ഓസ്കറിൽ ഒന്നാമതെത്തി.
English Summary: India shines at the Oscars with RRR's Naatu Naatu and The Elephant Whisperers win