കീവ് ∙ കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ ബഹ്മുത് നഗരത്തിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനകം 220 യുക്രെയ്ൻ സൈനികരെ വധിക്കുകയും 300 ലേറെ പേരെ പരുക്കേൽപ്പിക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡസനോളം കവചിത വാഹനങ്ങൾ നശിപ്പിച്ചെന്നും അവകാശപ്പെട്ടു.
ഇതേസമയം, ബഹ്‌മുത് നഗരത്തിൽ 500 ൽ ഏറെ റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. നഗരത്തിന്റെ പലമേഖലകളും റഷ്യൻ സൈനികരും കൂലിപ്പട്ടാളവും വളഞ്ഞെങ്കിലും നഗരം പിടിച്ചെടുക്കാനായിട്ടില്ലെന്നും യുക്രെയ്ൻ സേന പറയുന്നു. എന്നാൽ, നഗരം ഏറക്കുറെ റഷ്യയുടെ നിയന്ത്രണത്തിലായെന്നാണു ബ്രിട്ടിഷ് സൈനിക ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ട്. നഗരകേന്ദ്രത്തിനു 1.5 കിലോമീറ്റർ അടുത്തുവരെ തങ്ങൾ എത്തിയെന്ന് കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോഷിൻ അവകാശപ്പെട്ടു.
അതിനിടെ, ഡോണെറ്റ്സ്ക് പ്രവിശ്യയിലെതന്നെ കോസ്റ്റായെന്റിനിവ്ക നഗരത്തിനുനേർക്കുള്ള റഷ്യൻ ആക്രമണം കനത്തു. ക്ലസ്റ്റർ ബോംബുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇവിടെ പാർപ്പിടസമുച്ചയങ്ങൾക്കു തീപിടിച്ചിട്ടുണ്ട്.
Content Highlight: Russia, Ukraine, Ukraine Crisis, Russia - Ukraine War