സാർസ്: ചൈനയുടെ കള്ളംപൊളിച്ച ഡോക്ടർ വിടപറഞ്ഞു

HIGHLIGHTS
  • മുന്നറിയിപ്പ് നൽകിയ ഡോ. ജിയാങ്ങിനു ലഭിച്ചത് തടവറ
jiang-yanyong
ഡോ. ജിയാങ് യാൻയോങ് (Photo:Twitter)
SHARE

ബെയ്ജിങ് ∙ ചൈനയിൽ 2003 ൽ സാർസ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരിൽ വീട്ടുതടങ്കലിലായിരുന്ന ഡോ. ജിയാങ് യാൻയോങ് (91) അന്തരിച്ചു. ഹോങ്കോങ് ആസ്ഥാനമായ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമാണ് മരണം അറിയിച്ചത്. രാജ്യത്ത് മരണവാർത്തയും അനുശോചനങ്ങളും പ്രസിദ്ധീകരിക്കുന്നതിന് ചൈന വിലക്കേർപ്പെടുത്തി. 

സാർസ് (ശ്വാസകോശ ഫ്ലു) പടരുന്ന കാര്യം സർക്കാർ മറച്ചുവച്ചിരുന്നു. ഏതാനും പേർ എന്നാണ് ആരോഗ്യമന്ത്രി ഷാങ് വെൻകാങ് പറഞ്ഞത്. എന്നാൽ 60 പേരെ ഡോ. ജിയാങ് തന്നെ കണ്ടുമുട്ടി. ഇതിൽ 7 പേർ മരിച്ചു. ഡോക്ടറുടെ ഉത്തരവാദിത്തം രോഗിയോടാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹം പ്രത്യാഘാതം ഭയക്കാതെ ഇക്കാര്യം സൂചിപ്പിച്ച് മന്ത്രിക്ക് കത്തയച്ചു. ഈ കത്ത് ചൈനീസ് മാധ്യമങ്ങൾക്കും നൽകിയെങ്കിലും ഭയംമൂലം ആരും റിപ്പോർട്ട് ചെയ്തില്ല. പാശ്ചാത്യ മാധ്യമങ്ങളിലൂടെ കത്തിലെ വിവരം പുറത്തുവന്നതോടെ സർക്കാരിന്റെ കള്ളി പൊളിഞ്ഞു. രാജ്യാന്തര സമ്മർദത്തെ തുടർന്ന് നടപടികൾ സ്വീകരിക്കേണ്ടിവന്നു. ആരോഗ്യമന്ത്രിയും ബെയ്ജിങ് മേയറും രാജിവച്ചു. ഇതോടെ ഡോ. ജിയാങ് നായക പരിവേഷം നേടി. 

എന്നാൽ അദ്ദേഹം സർക്കാരിന്റെ കണ്ണിലെ കരടായി. 2004 മുതൽ അദ്ദേഹത്തെയും ഭാര്യ ഹുവ ഷോങ്​വെയിയെയും വീട്ടുതടങ്കലിലാക്കി. 2004 ൽ മഗ്സസെ അവാർഡും അടുത്തവർഷം ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് അവാർഡും ലഭിച്ചെങ്കിലും സ്വീകരിക്കാൻ അനുമതി നൽകിയില്ല. 

സാർസ് രോഗം എത്രത്തോളം ഗൗരവമുള്ളതാണെന്ന് സ്വന്തം ഭാവിയെ ബലികൊടുത്ത് ജിയാങ് പുറത്തുകൊണ്ടുവന്നത് ഒരുപാടു പേരുടെ ജീവൻ രക്ഷിക്കാൻ ഇടവരുത്തിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. 29 രാജ്യങ്ങളിലായി എണ്ണായിരത്തോളം പേരെ ബാധിച്ച സാർസ് രോഗം കാരണം 774 പേരാണ് മരിച്ചത്. 

കോവിഡ് സത്യം പറഞ്ഞ ഡോക്ടർക്കും പീഡനം

സാർസ് കള്ളി പൊളിച്ച ഡോ. ജിയാങ്ങിന്റെ അനുഭവം തന്നെയാണ് 2019 ഡിസംബർ 30ന് കോവിഡ് പൊട്ടിപ്പുറപ്പെട്ട കാര്യം പുറത്തുപറഞ്ഞ ഡോക്ടർക്കും സംഭവിച്ചത്. വുഹാനിലെ ഡോ. ലി വെൻലിയാങ് (34) ആണ് പുതിയ വൈറസ് രോഗം പടരുന്നത് സഹപ്രവർത്തകരെയും അധികാരികളെയും അറിയിച്ചത്. 

പൊലീസാണ് അദ്ദേഹത്തെ തേടിവന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്നു എന്നാരോപിച്ച് അദ്ദേഹത്തിനും 7 മറ്റ് ഡോക്ടർമാർക്കും താക്കീതു നൽകി നിശ്ശബ്ദരാക്കി. കോവിഡ് ബാധിതനായി 2020 സെപ്റ്റംബർ 7ന് ഡോ. ലീ അന്തരിച്ചപ്പോൾ സർക്കാരിനെതിരെ ജനങ്ങൾ രോഷാകുലരായി പ്രതികരിച്ചു. ലോകമെമ്പാടുമായി 70 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡ് മൂലം 15 ലക്ഷം പേർ ചൈനയിൽ മരിച്ചുവെന്നാണ് നിഗമനം. 

English Summary: Chinese SARS whistleblower Jiang Yanyong dies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS