ലഹോർ ∙ തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ അനുയായികൾ തടഞ്ഞു. ലഹോറിലെ ഖാന്റെ വസതിയിലേക്കു പോയ പൊലീസിനുനേരെ കല്ലേറുണ്ടായി. പാർട്ടി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇരുപക്ഷത്തും ഒട്ടേറെപ്പേർക്കു പരുക്കേറ്റു. പൊലീസ് സംഘത്തെ നയിച്ച ഇസ്‌ലാമാബാദ് ഡിഐജി ഷഹസാദ് ബുഖാരിക്കും പരുക്കേറ്റു.
പൊലീസ് അറസ്റ്റ് ചെയ്യാൻ വരുന്നുവെന്നും തടയാനായി രംഗത്തിറങ്ങാനും ഇമ്രാൻ വിഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ‘എന്നെ അറസ്റ്റ് ചെയ്താൽ രാജ്യം ഉറങ്ങിക്കോളുമെന്ന് അവർ വിചാരിക്കുന്നു. അവർക്കു തെറ്റിപ്പോയെന്ന് നിങ്ങൾ തെളിയിക്കണം’. താൻ കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി സമരം തുടരണമെന്നും ഖാൻ ആവശ്യപ്പെട്ടു.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണു ശ്രമമെന്ന് ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) ഉപനേതാവ് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. അറസ്റ്റ് വാറന്റിനെതിരെ പാർട്ടി ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സർക്കാർ വകുപ്പായ തോഷഖാനയിൽ നിന്ന് ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ വസ്തുക്കൾ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്നാണു ഖാനെതിരെയുള്ള കേസ്.
അതിനിടെ, മന്ത്രിമാരും ഉദ്യോഗസ്ഥരും 300 ഡോളറിനു മുകളിൽ വിലയുള്ള വിദേശത്തുനിന്നുള്ള സമ്മാനങ്ങൾ കൈവശം വയ്ക്കുന്നതു തടഞ്ഞു പാക്കിസ്ഥാൻ സർക്കാർ പുതിയ ഉത്തരവിറക്കി.
ഈ മാസം 8നു ഒരു പിടിഐ പ്രവർത്തകൻ റോഡപകടത്തിൽ കൊല്ലപ്പെട്ടതിലും ഇമ്രാനെതിരെ കേസെടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാരോപിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇമ്രാനെതിരെയുളള 81–ാമത് എഫ്ഐആറാണിത്.
English Summary: Clashes as pakistan police try to arrest opposition leader Imran Khan