ADVERTISEMENT

കീവ് ∙ ഇരുപക്ഷത്തും കനത്ത നാശമുണ്ടാക്കി കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യാപട്ടണമായ ബഹ്‌മുതിൽ രൂക്ഷയുദ്ധം തുടരുന്നു. കൂടുതൽ സൈനികർക്കു പുറമേ ജയിലുകളിൽനിന്നുള്ള സ്ത്രീതടവുകാരെയും റഷ്യ യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നതായി റിപ്പോർട്ടുണ്ട്. സ്ത്രീതടവുകാരുമായുള്ള ട്രെയിൻ കഴിഞ്ഞയാഴ്ച ഡോണെറ്റ്സ്ക് മേഖലയിലേക്കു പുറപ്പെട്ടതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയവും റഷ്യയിലെ തടവുകാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയും വെളിപ്പെടുത്തി. 100 പേരെങ്കിലും യുക്രെയ്നിലെത്തിയെന്നാണു വിവരം.

സ്ഥിതി കഠിനവും വേദനാജനകവുമാണെന്നും ഈ പോരാട്ടത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും യുക്രെയ്നിന്റെ ഭാവിയെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ‘ശത്രുവിന്റെ സൈനികശക്തിയെ തകർക്കേണ്ടതുണ്ട്. നാമതു ചെയ്യും’– തിങ്കളാഴ്ച രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറ‍ഞ്ഞു.

ഒരു രാജ്യമെന്ന റഷ്യയുടെ നിൽനിൽപാണു യുക്രെയ്നിൽ വെല്ലുവിളിക്കപ്പെടുന്നതെന്നും സൈനികവിജയം അനിവാര്യമാണെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും പറഞ്ഞു. അത്യാധുനിക റോക്കറ്റുകളുടെ ഉൽപാദനം ഇരട്ടിയാക്കാൻ റഷ്യൻ പ്രതിരോധ മന്ത്രാലയം ആയുധക്കമ്പനിക്ക് ഓർഡർ നൽകി.

അതിനിടെ, റഷ്യക്കെതിരായ യുദ്ധക്കുറ്റകേസുകളിൽ ആദ്യത്തേതിൽ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) നടപടി തുടങ്ങി. റഷ്യൻ സേന യുക്രെയ്ൻ കുട്ടികളെ റഷ്യയിലേക്കു കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഐസിസിയെ റഷ്യ അംഗീകരിക്കുന്നില്ല

ബഹ്മുതിനു വടക്കായി ക്രെമിനയിലാണു ഇപ്പോൾ കനത്ത പീരങ്കിയുദ്ധം നടക്കുന്നത്. മേഖലയിൽ ഇരുപക്ഷത്തും നൂറുകണക്കിനു പേർ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം റഷ്യ 5 മിസൈൽ ആക്രമണങ്ങളും 35 വ്യോമാക്രമണങ്ങളും നടത്തി. യുക്രെയ്ൻ സേന ചെറുത്തുനിൽപ് അവസാനിപ്പിച്ചാൽ ഡോണെറ്റ്സ്ക് പ്രവിശ്യ മുഴുവനായും റഷ്യയുടെ പിടിയിലാകും. ഇക്കാരണത്താലാണു ചെറുപട്ടണമായ ബഹ്മുത് വിട്ടുകൊടുക്കാതിരിക്കാൻ യുക്രെയ്ൻ സേന കനത്ത പോരാട്ടം നടത്തുന്നത്.

അതിനിടെ, റഷ്യൻ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിനെ ലിത്വാനിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. യുക്രെയ്നിൽ റഷ്യയ്ക്കായി പൊരുതുന്ന ‘സന്നദ്ധ സംഘ’ങ്ങളെ അപകീർത്തിപ്പെടുത്തുന്നതു കുറ്റകരമാക്കുന്ന ബിൽ റഷ്യൻ പാർലമെന്റ് പാസാക്കി. കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിനുവേണ്ടിയാണ് ഈ നടപടി.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com