കെൻസാബുറോ ഓയെ ഓർമയായി

HIGHLIGHTS
  • യുദ്ധകാല ഭീകരതകളും വ്യക്തിനഷ്ടങ്ങളും എഴുതിയ ജാപ്പനീസ് നോവലിസ്റ്റ്
കെൻസാബുറോ ഓയെ
SHARE

ടോക്കിയോ ∙ രണ്ടാം ലോകയുദ്ധ ഭീകരതകളെക്കുറിച്ചും അംഗപരിമിതി നേരിട്ട മകനെക്കുറിച്ചും എഴുതി ലോകശ്രദ്ധ നേടിയ നൊബേൽ സമ്മാനജേതാവായ ജാപ്പനീസ് നോവലിസ്റ്റ് കെൻസാബുറോ ഒയെ (88) വിടവാങ്ങി. 

ആണവനിരായുധീകരണത്തിന്റെ ശക്തനായ പ്രചാരകനായിരുന്നു. 1968 ൽ യാസുനാരി കവാബത്തയ്ക്കുശേഷം ജാപ്പനീസ് ഭാഷയിലേക്കുള്ള രണ്ടാമത്തെ നൊബേൽ സമ്മാനമാണ് 1994 ൽ കെൻസാബുറോ നേടിയത്. 

ജപ്പാന്റെ പരാജയത്തോടെ രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോൾ കെൻസാബുറോക്കു 10 വയസ്സാണ്. യുദ്ധത്തിന്റെ ഭയാനകത നേരിട്ടറിഞ്ഞ അദ്ദേഹം ഹിരോഷിമയിൽ അണുബോംബ് സ്ഫോടനം ഉണ്ടാക്കിയ കെടുതികളുടെ കഥകളെഴുതി. 

മസ്തിഷ്ക ശസ്ത്രക്രിയയ്ക്കുശേഷം പഠനവൈകല്യം നേരിട്ട മകൻ ഹികാരിയായിരുന്നു കെൻസാബുറോയുടെ എഴുത്തിന്റെ മുഖ്യ പ്രേരകശക്തി. ബാല്യത്തിൽ ഹികാരിക്കു വർഷങ്ങളോളം സംസാരശേഷിയില്ലായിരുന്നു. മുതിർന്നശേഷം ഹികാരി പ്രശസ്തനായ സംഗീതജ്ഞനായിത്തീർന്നു. 

മകനു സ്വരം നൽകാനായിരുന്നു താനെഴുതിയതെന്നു കെൻസാബുറോ പറഞ്ഞിട്ടുണ്ട്. ഒട്ടേറെ നോവലുകളിൽ മകൻ കഥാപാത്രമായി. ‘ഞാനൊരുപക്ഷേ ഇരുണ്ട നോവലിസ്റ്റായിരിക്കാം. എന്നാൽ എന്റെ നോവലുകൾ മനുഷ്യരിൽ ഒരു വിശ്വാസം പ്രകടിപ്പിക്കുന്നുവെന്നാണു ഞാൻ കരുതുന്നത് – 2014 ലെ അഭിമുഖത്തിൽ കെൻസാബുറോ പറഞ്ഞു.  

ടോക്കിയോ സർവകലാശാലയിൽ ഫ്രഞ്ച് സാഹിത്യം പഠിക്കാൻ ചേർന്നതോടെയാണു കെൻസാബുറോ എഴുതിത്തുടങ്ങിയത്. 

24–ാം വയസ്സിൽ പ്രസിദ്ധീകരിച്ച ദ് ക്യാച്ച് എന്ന ആദ്യ നോവൽ ശ്രദ്ധേയമായി. രണ്ടാംലോകയുദ്ധകാലത്ത് ജപ്പാനിലെ ഒരു ഗ്രാമത്തിൽ വിമാനം തകർന്നുവീഴുന്ന അമേരിക്കൻ പൈലറ്റും ഒരു ഗ്രാമീണബാലനും തമ്മിലുള്ള ബന്ധമായിരുന്നു പ്രമേയം. 

മറ്റു പ്രധാന കൃതികൾ: എ പഴ്സനൽ മാറ്റർ, ദ് സൈലന്റ് ക്രൈ, ഡെത്ത് ബൈ വാട്ടർ, എ ക്വയറ്റ് ലൈഫ്, ഹിരോഷിമ നോട്സ്.

English Summary : Japanise writter Kenzaburo oe passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS