ലഹോർ ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യുന്നതു ലഹോർ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൊലീസ് നടപടി ഇന്നു രാവിലെ 10 വരെ നിർത്തിവയ്ക്കാനാണു നിർദേശിച്ചത്. ഇമ്രാന്റെ വസതി വളഞ്ഞിരുന്ന പൊലീസ് സംഘം ഇതോടെ പിൻവാങ്ങി.
ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതാവ് ഫവാദ് ചൗധരി നൽകിയ ഹർജി സ്വീകരിച്ചാണു ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ടു പാക്ക് പഞ്ചാബ്, ഇസ്‌ലാമാബാദ് പൊലീസ് മേധാവിമാരെയും ചീഫ് സെക്രട്ടറിയെയും കോടതി വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റ് ചെയ്യാനായി എത്തിയ പൊലീസ് സംഘത്തെ ഖാന്റെ അനുയായികൾ തടഞ്ഞതു വൻ സംഘർഷമുണ്ടാക്കിയിരുന്നു. 54 പൊലീസുകാർ അടക്കം 60 പേർക്കാണു പരുക്കേറ്റത്.
അതേസമയം, അറസ്റ്റ് വാറന്റ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു ഖാൻ നൽകിയ മറ്റൊരു ഹർജി ഇസ്‌ലാമാബാദ് ഹൈക്കോടതി വിധി പറയാൻ മാറ്റി. ഈ മാസം 18 നു കോടതിയിൽ ഹാജരാകാമെന്ന സത്യവാങ്മൂലവും ഖാൻ നൽകി. തോഷഖാന കേസിൽ കഴിഞ്ഞ മാസം 28ന് ആണ് ഇസ്‌ലാമാബാദ് സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽനിന്നു ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റെന്നാണു കേസ്.
English Summary: Imran Khan Gets Court Relief After Stand-Off With Cops, No Arrest For Now