ഇസ്‌ലാമാബാദ് ∙ കോടതിവളപ്പിൽ അക്രമം അഴിച്ചുവിട്ടതിന്റെ പേരിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാനും അനുയായികൾക്കും എതിരെ ഭീകരപ്രവർത്തനത്തിനു പൊലീസ് കേസെടുത്തു. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നിരോധിക്കാനും സർക്കാർ നീക്കമുണ്ട്. ശനിയാഴ്ച തോഷഖാന അഴിമതിക്കേസിൽ കോടതിയിൽ ഇമ്രാൻ ഹാജരാകാനെത്തിയപ്പോൾ അനുയായികൾ സുരക്ഷാജീവനക്കാരെ ആക്രമിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തതായാണു കേസ്. സംഘർഷത്തെത്തുടർന്നു കേസ് 30ലേക്കു മാറ്റിവച്ചു.
ലഹോറിൽനിന്ന് ഇമ്രാൻ എത്തുമ്പോൾ പിടിഐ പ്രവർത്തകർ കോടതിക്കു ചുറ്റും തടിച്ചുകൂടിയിരുന്നു. സംഘർഷത്തിൽ 25 സുരക്ഷാഭടന്മാർക്കു പരുക്കേറ്റു. 2 പൊലീസ് വാഹനങ്ങളും 7 ബൈക്കുകളും കത്തിച്ചു. 18 പിടിഐ പ്രവർത്തകർ അറസ്റ്റിലായി.
കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ലഹോറിലെ വീട്ടിൽനിന്ന് പുറപ്പെട്ടതിനു പിന്നാലെ പതിനായിരത്തോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ സമൻ പാർക്കിലുള്ള വീട്ടിലേക്ക് ഇരച്ചുകയറി അവിടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകരെ ഒഴിപ്പിച്ചിരുന്നു. പ്രധാന ഗേറ്റും ഭിത്തിയും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തശേഷമാണു പൊലീസ് സംഘം വീട്ടിൽ പ്രവേശിച്ചു പരിശോധന നടത്തിയത്. ഈ സമയം ഇമ്രാന്റെ ഭാര്യ ബുഷ്റ ബീവി വീട്ടിലുണ്ടായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പൊലീസുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇമ്രാൻ അറിയിച്ചു. ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കാൻ കഴിയുമോ എന്ന് നിയമവിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി റാണ സനവുല്ല പറഞ്ഞു. ആയുധങ്ങൾ സഹിതം ഭീകരപ്രവർത്തകരെ വീട്ടിൽ പാർപ്പിച്ചതു പിടിഐ തീവ്രവാദസംഘടനയാണെന്നതിനു മതിയായ തെളിവാണെന്നും മന്ത്രി പറഞ്ഞു.
English Summary: Fresh cases against Imran Khan