ജറുസലം ∙ ഇസ്രയേലിലെ തീവ്ര വലതുപക്ഷ സഖ്യസർക്കാർ ജനാധിപത്യത്തെ ബലഹീനമാക്കാൻ നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിച്ചു സൈന്യത്തിലെ റിസർവ് സേനാംഗങ്ങളായ 700 പേർ ജോലിക്കു ഹാജരാകില്ലെന്നു പ്രഖ്യാപിച്ചു. ജഡ്ജി നിയമനത്തിലും മറ്റും സർക്കാരിനു കൂടുതൽ അധികാരം നൽകുന്ന ബിൽ പാർലമെന്റ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണിത്.
സൈന്യത്തിന്റെ സ്പെഷൽ ഫോഴ്സസിൽ സേവനം ചെയ്യാറുള്ള വൊളന്റിയർമാരും മൊസാദ്, ഷിൻ ബെത് എന്നീ രഹസ്യാന്വേഷണ വിഭാഗങ്ങളിലെ സൈബർ ഓപ്പറേറ്റർമാരുമാണു പണിമുടക്കുന്നത്. ഇതു സംബന്ധിച്ച് ഇവർ മാധ്യമങ്ങൾക്കു കത്തു നൽകി. ‘ഏകാധിപതിയുമായി ഞങ്ങൾക്കു കരാറില്ല. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ സേവനം തുടരാൻ സന്തോഷമേയുള്ളു’ –കത്തിൽ പറയുന്നു. സൈനിക ഉത്തരവുകൾ ലംഘിക്കുകയല്ല, മറിച്ച് സേവനസന്നദ്ധത അവസാനിപ്പിക്കുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
കരുതൽസേനയുടെ പ്രതിഷേധത്തെ അപലപിച്ച പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തുടർനടപടികൾ സ്വീകരിക്കാൻ സൈനികമേധാവിയോട് ആവശ്യപ്പെട്ടു. നീതിന്യായസംവിധാനം സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള നെതന്യാഹു സർക്കാരിന്റെ ശ്രമത്തിനെതിരെ 11 ആഴ്ചയായി ഇസ്രയേലിൽ പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച രാജ്യവ്യാപകമായി വൻ പ്രകടനങ്ങൾ നടന്നു.
English Summary: Military protest in Israel