ജറുസലം ∙ ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഇസ്രയേലിൽ ജനകീയ പ്രക്ഷോഭം തുടരവേ, രാജ്യത്തിന്റെ അറ്റോർണി ജനറൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ രംഗത്തുവന്നു. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന വ്യക്തി, നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുന്ന നിയമനിർമാണത്തിൽ നേരിട്ട് ഇടപെടുന്നതു ചട്ടലംഘനമാണെന്ന് അറ്റോർണി ജനറൽ ഗാലി ബഹറാവ് മിയറ മുന്നറിയിപ്പു നൽകി.
പ്രധാനമന്ത്രിയെ അയോഗ്യനാക്കാനുള്ള അധികാരം സർക്കാരിനു മാത്രമായിരിക്കുമെന്ന ബിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രയേൽ പാർലമെന്റ് പാസാക്കിയത്. ഇതോടെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ പ്രധാന നിയമനിർമാണ വിഷയങ്ങളിലോ ജഡ്ജി നിയമനങ്ങളിലോ ഇടപെടാൻ പാടില്ലെന്ന രാജ്യത്തെ നിയമം നെതന്യാഹു ലംഘിച്ചുവെന്നാണു അറ്റോർണി ജനറൽ വിമർശിച്ചത്. കോടതിയുടെ അധികാരം എടുത്തുകളഞ്ഞു നിയമം പാസാക്കിയാലും ഭിന്നതാൽപര്യം തടയുന്ന നിയമം ഇല്ലാതാകുന്നില്ലെന്ന് അവർ നെതന്യാഹുവിനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലണ്ടനിലെത്തിയ നെതന്യാഹുവിനെ വരവേറ്റത് ഇസ്രയേൽ പതാകയേന്തിയ പ്രതിഷേധക്കാർ. ഇറാൻ ആണവപദ്ധതി, യുക്രെയ്ൻ സംഘർഷം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യാനായി സുനകിന്റെ ഔദ്യോഗിക വസതിയിലേക്കു പോകുമ്പോൾ തെരുവോരങ്ങളിൽനിന്ന് നെതന്യാഹുവിനെതിരെ മുദ്രാവാക്യങ്ങളുയർന്നു.
English Summary : Israel Prime Minister Benjamin Netanyahu violated rules says Attorney General