‘ഹോട്ടൽ റുവാണ്ട’ നായകന് ഒടുവിൽ ജയിൽ മോചനം; വഴിതെളിച്ചത് ഖത്തറിന്റെ മധ്യസ്ഥത

HIGHLIGHTS
  • മനുഷ്യാവകാശ പ്രവർത്തകന് പോൾ റസെസബാഗിനയുടെ മോചനത്തിനു വഴിതെളിച്ചത് ഖത്തറിന്റെ മധ്യസ്ഥത
paul-rusesabagina
(1) പോൾ റസെസബാഗിന (2) പോൾ റസെസബാഗിന (ഫയൽ ചിത്രം) (Photos: Twitter)
SHARE

ദോഹ ∙ ഹോട്ടൽ റുവാണ്ട എന്ന പ്രശസ്ത ഹോളിവുഡ് ചിത്രത്തിനു പ്രചോദനമായ മനുഷ്യാവകാശ പ്രവർത്തകൻ പോൾ റസെസബാഗിനയ്ക്ക് (68) ഖത്തറിന്റെ മധ്യസ്ഥതയെ തുടർന്ന് ജയിൽ മോചനം. തീവ്രവാദബന്ധം ആരോപിച്ച് റുവാണ്ടൻ സർക്കാർ 2020 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന് 25 വർഷം തടവാണു വിധിച്ചിരുന്നത്. വെള്ളിയാഴ്ച മോചന നടപടികൾ പൂർത്തിയായതിനെ തുടർന്ന് തിങ്കളാഴ്ച ഖത്തറിലെത്തിയ റസെസബാഗിന, ഉടൻ യുഎസിൽ കുടുംബത്തിനടുത്തേക്കു തിരിക്കും. 

റുവാണ്ടയിലെ ഹോട്ടൽ മാനേജരായിരുന്നു അദ്ദേഹം. 1994 ൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ പോരും വംശഹത്യയും റുവാണ്ടയെ ചോരക്കളമാക്കി. ആ സമയത്ത് ആയിരത്തിലേറെ ടുത്‍സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിനെ തുടർന്നാണ്, ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. ഈ സംഭവം പ്രമേയമാക്കിയ സിനിമ ‘ഹോട്ടൽ റുവാണ്ട’യ്ക്ക് (2004) ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു. 

റുവാണ്ടൻ ഭരണകൂടത്തിന്റെ ശത്രുവായി മാറിയ റസെസബാഗിന, ബൽജിയത്തിൽ അഭയം തേടിയെങ്കിലും സർക്കാർ ഏജന്റുമാർ പിന്തുടർന്നതിനെ തുടർന്ന് യുഎസ് പൗരത്വം നേടി അവിടേക്കു പോയി. 2020 ൽ വിദേശ യാത്രയ്ക്കിടെ ദുബായിലെത്തിയ അദ്ദേഹം അവിടെ നിന്നാണ് അപ്രത്യക്ഷനായത്. റുവാണ്ടയിലെ പോൾ കഗമെ ഭരണകൂടം അറസ്റ്റ് ചെയ്തുകൊണ്ടുപോയതാണെന്നു പിന്നീടു തെളിഞ്ഞു. പല തലങ്ങളിൽ യുഎസും ഇടപെട്ടെങ്കിലും മോചനം വൈകി. മാസങ്ങൾ നീണ്ട ചർച്ചകളെ തുടർന്നാണ് മോചനം സാധ്യമായത്.

English Summary: Hotel Rwanda hero Paul Rusesabagina freed from jail

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA