പെഷാവർ ∙ സേനാവാഹനത്തിനു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ 4 പൊലീസുകാർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. ഖൈബർ– പഖ്തൂൺക്വ പ്രവിശ്യയിലെ ലക്കി മാർവാത് ജില്ലയിലാണ് സംഭവം. സദ്ദർ സ്റ്റേഷനിലേക്കു പൊലീസുകാരെ എത്തിക്കുന്നതിനിടെ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം.
അത്യാധുനിക ആയുധങ്ങളാണ് ഭീകരർ ഉപയോഗിച്ചതെന്നും തിരിച്ചു വെടിവച്ചതോടെ അവർ കടന്നുകളഞ്ഞെന്നും പൊലീസ് പറയുന്നു. വിശദമായ അന്വേഷണത്തിന് ഖൈബർ– പഖ്തൂൺക്വ പൊലീസ് മേധാവി ഉത്തരവിട്ടു.
ആക്രമണത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അപലപിച്ചു. ഖൈബർ– പഖ്തൂൺക്വയിലും ബലൂചിസ്ഥാനിലും ക്രമസമാധാന നില വഷളാണ്. നവംബറിൽ താലിബാനുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു പൊലീസിനു നേരെ അക്രമം വർധിച്ചിട്ടുണ്ട്.
English Summary : Taliban terrorist attack on policemen in Pakistan