ADVERTISEMENT

ന്യൂഡൽഹി ∙ ഇമ്രാൻ ഖാനെ അധികാരത്തിൽനിന്നു പുറത്താക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ നയതന്ത്ര നിലപാടിലും മാറ്റം വരുത്തുന്നു. റഷ്യയോട് ഇമ്രാൻ കാട്ടിയിരുന്ന ആഭിമുഖ്യം അവസാനിപ്പിച്ചു വീണ്ടും അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും പ്രീതി സമ്പാദിക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങി.

റഷ്യൻ സൈന്യത്തോടു പോരാടുന്ന യുക്രെയ്ൻ സൈന്യത്തിനു കഴിഞ്ഞ മാസം പാക്കിസ്ഥാൻ ആയുധങ്ങൾ കൊടുത്തിരുന്നു. യുക്രെയ്നിനെ സഹായിക്കാൻ പടിഞ്ഞാറൻ രാഷ്ട്രങ്ങൾ തയാറാക്കിയ പദ്ധതികളുടെ ഭാഗമായാണു പാക്കിസ്ഥാനിൽ നിർമിച്ച റോക്കറ്റുകൾ അയച്ചുകൊടുത്തത്. ഇതിനു മുന്നോടിയായി പാക്കിസ്ഥാൻ ബ്രിട്ടനുമായി കരാർ ഒപ്പിട്ടിരുന്നു. കറാച്ചിയിൽനിന്നു കടൽ മാർഗം അയച്ച ആയുധങ്ങൾ ജർമനിയിലെത്തി അവിടെനിന്നു റോഡ് മാർഗം യുക്രെയ്നിൽ എത്തിക്കുകയായിരുന്നു. പണം നൽകുന്നത് ബ്രിട്ടനും.

കരയുദ്ധത്തിൽ ഉപയോഗിക്കുന്ന 122 എംഎം യാർമുക്ക് റോക്കറ്റുകളാണ് അയച്ചതെന്നാണ് റിപ്പോർട്ടുകൾ. യുക്രെയ്ൻ സൈന്യത്തിന്റെ പക്കലുള്ള ചില പ്രത്യേക റഷ്യൻ നിർമിത റോക്കറ്റ് ലോഞ്ചറുകളിൽനിന്ന് ഇവ തൊടുത്തുവിടാനാവും.

പാക്കിസ്ഥാനും യുക്രെയ്നും തമ്മിലുള്ള ഈ ബന്ധത്തെക്കുറിച്ച് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യൻ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു. കഴിഞ്ഞദിവസം ഷാങ്ഹായ് സഹകരണ സംഘടനാ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ സംബന്ധിക്കാൻ റഷ്യൻ സുരക്ഷാ തലവൻ നിക്കൊളായ് പട്രുഷേവ് എത്തിയപ്പോൾ അദ്ദേഹവുമായി നടത്തിയ അനൗപചാരിക ചർച്ചകളിലും ഇക്കാര്യം ഇന്ത്യ ചൂണ്ടിക്കാട്ടി. ഷാങ്ഹായ് സംഘടനയിൽ അംഗങ്ങളാണെങ്കിലും പാക്കിസ്ഥാന്റെയും ചൈനയുടെയും പ്രതിനിധികൾ നേരിട്ടെത്താതെ വിഡിയോ ലിങ്ക് വഴിയാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിന്റെ പിറ്റേന്ന് അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മോസ്കോ സന്ദർശിച്ചിരുന്നു. റഷ്യയിൽനിന്നു ധാന്യങ്ങളും എണ്ണയും വാങ്ങുന്നതു ചർച്ചചെയ്യാനാണു പോയതെന്നാണ് ഇമ്രാൻ അവകാശപ്പെട്ടത്. ഈ സന്ദർശനം പാക്ക് സൈനിക നേതൃത്വത്തിന്റെ നീരസത്തിനു കാരണമായെന്നും ഇമ്രാൻ പിന്നീടു പറഞ്ഞിരുന്നു. റഷ്യൻ ആക്രമണത്തെ അപലപിക്കാൻ അന്നത്തെ സൈനിക മേധാവി ജനറൽ ബജ്‍വ ആവശ്യപ്പെട്ടതു നിരാകരിച്ചെന്നും ഇമ്രാൻ അവകാശപ്പെടുന്നുണ്ട്. തുടർന്ന് ബജ്‍വ തന്നെ റഷ്യൻ ആക്രമണത്തെ അപലപിച്ചു. അമേരിക്കയും പാക്ക് സൈന്യവും ചേർന്നാണു തന്നെ പുറത്താക്കിയതെന്നാണ് ഇമ്രാന്റെ വാദം.

English Summary: Pakistan to supply arms to Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com