ADVERTISEMENT

ലഹോർ ∙ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഖലിസ്ഥാൻ ഭീകരൻ പരംജിത് സിങ് പഞ്ച്‌വാറിനെ (63) ലഹോറിൽ അജ്ഞാതർ വെടിവച്ചുകൊന്നു. നിരോധിത സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെസിഎഫ്) പഞ്ച്‌വാർ വിഭാഗത്തിന്റെ തലവനായിരുന്ന പരംജിത് ആയുധ–ലഹരി കടത്തിലും സജീവമായിരുന്നു. 2020 ജൂലൈയിൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 

ലഹോറിലെ നവാബ് ടൗണിൽ സൺഫ്ലവർ ഹൗസിങ് സൊസൈറ്റിയുടെ പാർക്കിൽ അംഗരക്ഷകനൊപ്പം നടക്കുമ്പോഴാണ് ഇന്നലെ രാവിലെ 2 പേർ പരംജിത്തിന്റെ തലയ്ക്കു വെടിവച്ചത്. കൊലയാളികൾ മോട്ടർ സൈക്കിളിൽ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു മോർച്ചറിയിലേക്കു മാറ്റി. അംഗരക്ഷകന്റെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ പ്രദേശം വളഞ്ഞു. മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തി. 

1988 ഒക്ടോബറിൽ പഞ്ചാബിലെ ഫിറോസ്പുരിൽ 10 സിഖുകാരെ കൊലപ്പെടുത്തിയ ബോംബാക്രമണം, ചണ്ഡിഗഡിലെ ഭക്രബിയാസ് മാനേജ്മെന്റ് ബോർഡംഗം മേജർ ജനറൽ ബി.എൻ. കുമാറിന്റെ കൊലപാതകം എന്നീ സംഭവങ്ങളിൽ പരംജിത് സിങ്ങിന്റെ സംഘടനയ്ക്കു പങ്കുണ്ടെന്ന് ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. 

കഴിഞ്ഞ 2 വർഷമായി ഇയാൾ പാക്കിസ്ഥാനിൽ യുവാക്കൾക്ക് ആയുധ പരിശീലനം നൽകിവരികയായിരുന്നു. ഇന്ത്യയിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ റേഡിയോയിൽ രാജ്യദ്രോഹപരമായ പരിപാടികൾ നടത്തുകയും ചെയ്തു. 

പഞ്ചാബിലെ അഞ്ജാല സ്റ്റേഷൻ ആക്രമണത്തിനു പിന്നാലെ ഒളിവിൽപോയ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയുടെ നേതാവുമായ അമൃത്പാൽ സിങ്ങിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

തുടക്കം ബാങ്ക് കവർച്ചയിലൂടെ

2 വർഷമായി അത്ര സജീവമായിരുന്നില്ലെങ്കിലും പരംജിത് സിങ് ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. പഞ്ചാബിലെ തരൺ താരൺ സ്വദേശിയായ ഇയാൾ 1986 ലാണ് കെസിഎഫിൽ ചേരുന്നത്. ബാങ്ക് കൊള്ളയടിക്കുകയും പ്രമുഖരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങി വിട്ടയയ്ക്കുകയുമായിരുന്നു സംഘടനയുടെ തുടക്കത്തിലെ പ്രവർത്തനരീതി. പിന്നീടു സംഘടനയുടെ തലവനായി പാക്കിസ്ഥാനിലേക്കു കടന്നു. നിയമവിരുദ്ധപ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കെസിഎഫിനെ കേന്ദ്രസർക്കാർ പിന്നീട് ഭീകര സംഘടനയുടെ പട്ടികയിൽപെടുത്തി.

English Summary : Khalistan terror Paramjit Singh killed in Lahore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com