രാജകീയ പാരമ്പര്യം നിലനിർത്തി പാർലമെന്ററി ജനാധിപത്യം; പാസ്പോർട്ടില്ലാത്ത രാജാവ്

HIGHLIGHTS
  • രാജകീയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ രാജാധികാരത്തെ പരിമിതപ്പെടുത്തി പാർലമെന്ററി ജനാധിപത്യം വളർത്തിയെടുക്കാൻ ബ്രിട്ടനു കഴിഞ്ഞു
King-Charles-foodnews
ചാൾസ് രാജാവ്. Image Credit : twitter
SHARE

രാജാധികാരം പരിമിതപ്പെടുത്തുകയും അതേസമയം ദേശീയതയുടെ പ്രതീകമായി രാജസ്ഥാനത്തെ ആദരിക്കുകയും ചെയ്യുന്നതാണ് ബ്രിട്ടിഷ് പാരമ്പര്യം. 13–ാം നൂറ്റാണ്ടിൽ ആരംഭിച്ച ആ പാരമ്പര്യം ഇന്നും ബ്രിട്ടൻ തുടരുന്നു– മാറ്റത്തോടൊപ്പം സ്ഥിരത. മറ്റു യൂറോപ്യൻ ജനതകൾ രാജാധികാരത്തിനെതിരെ നടത്തിയ വിപ്ലവങ്ങൾ രക്തരൂഷിതമായപ്പോൾ, രാജകീയ പാരമ്പര്യം നിലനിർത്തിക്കൊണ്ട് പാർലമെന്ററി ജനാധിപത്യം വളർത്തിയെടുക്കാൻ ബ്രിട്ടനു കഴിഞ്ഞത് അതിനാലാണ്. 

അമിതാധികാരത്തിന് ശ്രമിച്ച രാജാക്കന്മാർക്ക് എന്നും അവർ തടയിട്ടു. അതിന്റെ പേരിൽ ഒരു രാജാവിനെ മാത്രമേ വിചാരണചെയ്ത് വധിക്കേണ്ടിവന്നിട്ടുള്ളു– 1649 ൽ ചാൾസ് ഒന്നാമനെ. പ്രായശ്ചിത്തമെന്നവണ്ണം ഒരു ദശകത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രൻ ചാൾസ് രണ്ടാമനെ സിംഹാസനത്തിലെത്തിച്ച് രാജവാഴ്ച പുനഃസ്ഥാപിച്ചു. അതിനുശേഷം ചാൾസ് എന്ന പേര് പോലും ഒരു രാജകുമാരനും നൽകിയിട്ടില്ല, ഒരു രാജാവും സ്വീകരിച്ചിട്ടുമില്ല. ഇപ്പോൾ ചാൾസ് മൂന്നാമൻ വരുന്നതുവരെ. 

1215 ൽ ജോൺ രാജാവിനെക്കൊണ്ട് മാഗ്ന കാർട്ട ഒപ്പിടുവിപ്പിച്ചതു മുതൽ ഇംഗ്ലണ്ടിൽ 3 രാഷ്ട്രീയപ്രക്രിയകൾ സമാന്തരമായി രൂപപ്പെട്ടുവരികയായിരുന്നു. ഒന്ന്: രാജാധികാരം പരിമിതപ്പെടുത്തൽ. രണ്ട്: പരിമിതമായ അധികാരത്തോടുകൂടി ദേശീയരാജവാഴ്ച (നാഷനൽ മൊണാർക്കി) യിലേക്കുള്ള മാറ്റം. മൂന്ന്: ഫ്യൂഡൽ രാഷ്ട്രീയസംവിധാനത്തെ പാർലമെന്ററി സംവിധാനമായി മാറ്റിയെടുക്കൽ. കൂട്ടത്തിൽ പറയട്ടെ, ജോൺ എന്ന പേരും പിന്നീടൊരു രാജകുമാരനും നൽകിയിട്ടില്ല, ഒരു രാജാവും സ്വീകരിച്ചിട്ടുമില്ല. 

പരിമിത രാജാധികാരം

ജനങ്ങളുടെ മേൽ നികുതി ചുമത്തണമെങ്കിൽ രാജാവ് ജനനേതാക്കളുടെ സമ്മതം നേടണമെന്നതായിരുന്നു മാഗ്ന കാർട്ടയിലെ ആത്യന്തികമായ സിദ്ധാന്തം. ഈ സിദ്ധാന്തം ആയുധമായി ബ്രിട്ടനെതിരെതന്നെ പ്രയോഗിച്ചാണ് അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം നേടിയത്. ഇന്നും ഭരണകൂടം (രാജാവ്) പാർലമെന്റിൽ (ജനപ്രതിനിധികൾ) ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കിയെടുക്കുന്ന പാരമ്പര്യം ഇതിലാരംഭിച്ചു. 

റോസാപ്പൂയുദ്ധം കഴിഞ്ഞ് ദേശീയ രാജവാഴ്ച

മാഗ്ന കാർട്ടയുടെ കാലത്ത് ജനനേതാക്കളായി അവതരിച്ചിരുന്നത് മാടമ്പി പ്രഭുക്കന്മാരായിരുന്നു. 15 ാം നൂറ്റാണ്ടിൽ മാടമ്പി കുടുംബങ്ങൾ തമ്മിൽ നടത്തിയ ‘റോസാപ്പൂയുദ്ധ’ങ്ങളോടെ ഫ്യൂഡൽ കിടമത്സരം അവർ അവസാനിപ്പിച്ച്, ദേശീയ രാജവാഴ്ചക്കുള്ള വഴിതുറന്നു. മറ്റു യൂറോപ്യൻ രാജ്യങ്ങൾ 18–ാം നൂറ്റാണ്ടു വരെ ഫ്യൂഡൽ വ്യവസ്ഥിതിയുമായി ബലാബലം തുടർന്നപ്പോൾ ഫ്യൂഡൽ വ്യവസ്ഥിതി നിലനിർത്തിക്കൊണ്ട് ഏക ദേശീയതയുടെ കൊടിക്കീഴിൽ രാഷ്ട്രനിർമാണം നടത്താൻ ഇംഗ്ലണ്ടിന് ആദ്യമേ സാധിച്ചത് ഇതിനാലാണ്. 

ഒപ്പം മാടമ്പിസൈന്യങ്ങൾ അവരുടെ ഫ്യൂഡൽ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ ദേശീയസൈന്യമായി മാറിത്തുടങ്ങി. ഫ്യൂഡൽ കോട്ടകളെ തകർക്കാൻപോന്ന പീരങ്കിസാങ്കേതികവിദ്യ എത്തിയതോടെ ആദ്യം പീരങ്കിപ്പടയും തൊട്ടുപിന്നാലെ വളർന്നുവന്ന നാവികപ്പടയും രാജാവ് പ്രതിനിധാനം ചെയ്യുന്ന ദേശീയ ഭരണകൂടത്തിന്റെ കുത്തകയാക്കി ഇംഗ്ലിഷുകാർ മാറ്റി. മാടമ്പിപ്പടകളുടെ സംയുക്ത ബാക്കിപത്രമായ കരസേനയ്ക്ക് പൂർണമായി ഇന്നും ‘റോയൽ’ സ്ഥാനമില്ലെന്നോർക്കണം. രാജാവിന്റേതായിരുന്ന പീരങ്കിപ്പട, ടാങ്ക് പട, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് കോട്ടകൾ തകർത്ത എൻജിനീയർമാർ എന്നിവർക്കാണ് ഇന്നും കരസേനയ്ക്കുള്ളിൽ റോയൽ സ്ഥാനമുള്ളത്. ലളിതമായി പറഞ്ഞാൽ, റോയൽ നേവിയുണ്ട്, റോയൽ എയർ ഫോഴ്സുണ്ട്, റോയൽ ആർട്ടിലറിയുണ്ട്, റോയൽ എൻജിനീയേഴ്സുണ്ട്, പണ്ട് രാജാവിന്റെ സ്വന്തമെന്ന് അവകാശപ്പെടുന്ന ചില കാലാൾപ്പട റെജിമെന്റുകളുണ്ട്. എന്നാൽ ബ്രിട്ടിഷ് ആർമി ഇന്നും റോയൽ ആർമിയല്ല, വെറും ബ്രിട്ടിഷ് ആർമി. 

ഫ്യൂഡലിസത്തിൽ നിന്ന് ആധുനിക ജനാധിപത്യത്തിലേക്ക്

മാടമ്പി പ്രഭുക്കന്മാരുടെ സമിതിയാണ് 13–ാം നൂറ്റാണ്ടു മുതൽ ഇന്നത്തെ പാർലമെന്റിന്റെ മുൻഗാമിയായി അവതരിച്ചു തുടങ്ങിയത്. ആ സമിതിയിലെ അംഗങ്ങളിൽ ചിലരെ ഷയറുകൾ (കൊച്ചു പട്ടണങ്ങൾ) തിരഞ്ഞെടുത്തു തുടങ്ങിയതോടെ രാജാധികാരം കൂടുതൽ പരിമിതമായി. സ്കോട്ട്ലണ്ടിൽ നിന്നെത്തിയ സ്റ്റൂവർട്ട് രാജാക്കന്മാർ പാർലമെന്റിനോട് വിധേയരാവാൻ വിസമ്മതിച്ചതാണ് 17–ാം നൂറ്റാണ്ടിലെ ആഭ്യന്തരയുദ്ധത്തിലും രാജ്യദ്രോഹക്കുറ്റത്തിന് ചാൾസിന്റെ വിചാരണയിലും കലാശിച്ചത്. 

രാജ്യം രാജാവിന്റേതാകുമ്പോൾ അദ്ദേഹം എങ്ങനെ രാജ്യദ്രോഹം നടത്തുമെന്ന ചോദ്യം വിചാരണയിൽ ഉയർന്നു. അതിന് പാർലമെന്റ് നൽകിയ മറുപടിയാണ് ആധുനിക ജനാധിപത്യ ഭരണഘടനകളുടെ നട്ടെല്ല്് – രാജാവല്ല രാജ്യത്തിന്റെ പ്രതീകം, രാജസ്ഥാനമാണ്. അതായത്, ചാൾസ് എന്ന രാജാവ് രാജ്യതാത്പര്യത്തിനെതിരെ പ്രവർത്തിച്ചു. ഇന്നും ബ്രിട്ടൻ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. രാജാവിനെ പരമാധികാരി (സോവറിൻ) എന്നു വിളിക്കുമെങ്കിലും സോവറിൻ സ്ഥാനത്തിരിക്കുന്ന വ്യക്തി ജനങ്ങൾ തിരഞ്ഞെടുത്തവരുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണം. 

പാസ്പോർട്ടില്ലാത്ത രാജാവ്

രാജാവ് രാഷ്ട്രത്തലവനാണെങ്കിലും ഇന്ത്യയിലും അമേരിക്കയിലും പോലെ പ്രഥമപൗരനല്ല. അദ്ദേഹം ബ്രിട്ടിഷ് പൗരനാവണമെന്നുപോലും അവർക്ക് നിർബന്ധമില്ല. അതിനാലാണ് രാജാവിന് പാസ്പോർട്ടില്ലാത്തത്. ബ്രിട്ടിഷ് പൗരനല്ലെങ്കിൽ എങ്ങനെയാണ് അദ്ദേഹത്തിന് ബ്രിട്ടിഷ് പാസ്പോർട്ട് നൽകുക? മാത്രമല്ല, ആര് നൽകും? 

18–ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പിന്തുടർച്ചക്കാരില്ലാതെ വന്നപ്പോൾ രാജകുടുംബത്തിന്റെ ചാർച്ചക്കാരായ ജർമൻ രാജകുടുംബത്തിലെ ജോർജ് ഒന്നാമനെ പാർലമെന്റ് രാജാവാക്കി വാഴിച്ചു. ഇംഗ്ലിഷ് കൈകാര്യം ചെയ്യാനറിയാത്ത രാജാവ് ഭരണകാര്യങ്ങൾ കൂടുതലായി പ്രധാന ഉപദേശകനായ റോബർട് വാൾപോളിനെ ഏൽപ്പിച്ചു തുടങ്ങിയതോടെ കാബിനറ്റ് സമ്പ്രദായം ഉടലെടുത്തു. ഇന്ന് കാബിനറ്റിന്റെ ഉപദേശം രാജാവ് ചെവിക്കൊണ്ടേ തീരൂ. 

രാജവാഴ്ച നിർത്തലാക്കാൻ പല തവണ മുറവിളി ഉയർന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളോ ബ്രിട്ടിഷ് ജനതയോ ഇന്നും അതിന് തയാറായിട്ടില്ല. രാജസ്ഥാനത്തെ രാഷ്ട്രീയമായി എതിർത്തിരുന്ന ലേബർ പാർട്ടിക്കാർ പോലും അധികാരത്തിലെത്തിയപ്പോഴൊന്നും അക്കാര്യം ചർച്ചചെയ്യാൻ പോലും ശ്രമിച്ചില്ല. ഇനിയും ആ മുറവിളി ഉയരും. 

Content Highlights: King Charles III, Coronation of King Charles III, United Kingdom, British Royal Family, Britain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA