ലഹോർ ∙ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിയിൽ ഒളിപ്പിച്ചവരെ 24 മണിക്കൂറിനകം കൈമാറാൻ പാക്ക് പഞ്ചാബ് പ്രവിശ്യ ഇടക്കാല സർക്കാർ ഉത്തരവിട്ടു. ഈ മാസം 9നു ഇമ്രാന്റെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടു പഞ്ചാബിലെ അക്രമസംഭവങ്ങളിൽ പൊലീസ് തിരയുന്ന പ്രതികളാണിവർ. നാൽപതോളം ‘ഭീകരർ’ ഇമ്രാൻ ഖാന്റെ വസതിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണു പഞ്ചാബ് മന്ത്രി ആമിർ മിർ ആരോപിച്ചത്.
ഇതിനിടെ അഴിമതിക്കേസിൽ ഇമ്രാൻ ഖാന്റെ ജാമ്യം 31 വരെ നീട്ടി. കേസ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. അഴിമതിക്കേസിൽ കഴിഞ്ഞ 9ന് ആണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചു രാജ്യവ്യാപകമായ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാർ കരസേന ആസ്ഥാനം ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾ ആക്രമിച്ചു തീയിടുകയും ചെയ്തു. അക്രമസംഭവങ്ങളിൽ അറസ്റ്റിലായ ഇമ്രാന്റെ അനുയായികളെ സൈനികക്കോടതിയിൽ വിചാരണ ചെയ്യുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: ‘Handover terrorists holed up in house’: Imran Khan gets 24 hour ultimatum