സുരക്ഷിതരോ അവർ ആമസോൺ കാട്ടിൽ?; വിമാനം തകർന്ന് 16 ദിവസം വനത്തിൽ അകപ്പെട്ട് 4 കുട്ടികൾ

HIGHLIGHTS
  • കണ്ടെത്തിയെന്ന പ്രസിഡന്റിന്റെ അറിയിപ്പ് പിന്നീടു നീക്കംചെയ്തു
plane-crash-and-water-bottle-images
(1) ആമസോൺ കാട്ടിൽ തകർന്ന വിമാനം (2) കണ്ടെടുത്ത വെള്ളക്കുപ്പി
SHARE

ബൊഗോട്ട (കൊളംബിയ) ∙ പാതിതിന്ന് ഉപേക്ഷിച്ച പഴങ്ങൾ, കുഞ്ഞിന്റെ വെള്ളക്കുപ്പി, കത്രിക, കമ്പും ഇലകളും കൊണ്ടുള്ള കൂര... 16 ദിവസം മുൻപുണ്ടായ വിമാനാപകടത്തിൽ കാണാതായ നാലു കുട്ടികളെത്തേടി ആമസോൺ മഴക്കാടുകളിൽ അലഞ്ഞ തിരച്ചിൽസംഘങ്ങൾക്കു പലയിടത്തുനിന്നായി കിട്ടിയ സൂചനകൾ അവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷയുണർത്തുന്നു.

13, 9, 4 വയസ്സും വെറും 11 മാസവും പ്രായമുള്ള നാലു സഹോദരങ്ങൾ വിശപ്പിനോടും കാലാവസ്ഥയോടും പടവെട്ടി നിബിഡ വനത്തിൽ അലയുന്നതായാണു ഗോത്രവർഗക്കാർ സൈനികർക്കു നൽകിയ വിവരം. എന്നാൽ, സൈനികർ ഇതുവരെ കുട്ടികളെ നേരിട്ടു കണ്ടിട്ടില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ സുരക്ഷിതരാണെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇന്നലെ ട്വീറ്റു ചെയ്തുവെങ്കിലും അദ്ദേഹം അതു പിന്നീട് ഡിലീറ്റു ചെയ്തു.  

തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് ഈ മാസം ഒന്നിനാണു തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും രണ്ടു പൈലറ്റുമാരുടെയും മൃതദേഹം കഴിഞ്ഞ തിങ്കളാഴ്ച കണ്ടെടുത്തെങ്കിലും പരിസരത്തെങ്ങും കുട്ടികളെ കാണാതായതോടെ കൊളംബിയൻ സൈന്യം കാട് അരിച്ചുപെറുക്കുകയാണ്. ഇതിനിടെയാണ് കുട്ടികളെ സുരക്ഷിതരായി കണ്ടുവെന്നു ഗോത്രവർഗക്കാർ അറിയിച്ചതായി വിവരമെത്തിയത്. ഹുയിറ്റൊട്ടോ ഗോത്രക്കാരായ കുട്ടികൾക്കു കാട് പരിചിതമാണ്. 

English Summary: Colombia plane crash: Four children reportedly survived 16 days in Amazon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA