വാഷിങ്ടൻ ∙ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ് വ്യോമസേന പ്രസിദ്ധീകരിച്ചു. ‘മാസീവ് ഓർഡനൻസ് പെനട്രേറ്റർ’ എന്നറിയപ്പെടുന്ന ജിബിയു–57 എന്ന ബോംബിന്റെ ചിത്രമാണ് യുഎസ് വ്യോമസേന പുറത്തുവിട്ടത്. എന്നാൽ, ആയുധത്തിന്റെ ഘടന ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഈ ചിത്രം പിന്നീട് നീക്കം ചെയ്തു.
യുഎസിന്റെ ആയുധങ്ങളെ മറികടക്കാൻ ശേഷിയുള്ള ഭൂഗർഭ ആണവകേന്ദ്രം ഇറാൻ നിർമിക്കുന്നെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് യുഎസ് ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. മിസോറിയിലെ വൈറ്റ്മാൻ വ്യോമസേനാ താവളത്തിന്റെ ഫെയ്സ്ബുക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ജിബിയു–57 വിന്യസിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളുടെ ആസ്ഥാനമാണ് ഈ വ്യോമതാവളം. ഇറാനുമായുള്ള പിരിമുറുക്കം വർധിച്ചുനിന്ന 2019 ലും യുഎസ് ഇത്തരത്തിൽ ബോംബുകളുടെ ചിത്രം പുറത്തുവിട്ടിരുന്നു.
English Summary : US has bomb capable of destroying Iran's nuclear power plant