കഠ്മണ്ഡു ∙ കീഴടക്കാൻ ആകെയൊരു എവറസ്റ്റ് മാത്രമേയുള്ളൂ എന്നതാണ് കാമി റീത്തയുടെ ദുഃഖം. 28–ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് നേപ്പാളിൽ നിന്നുള്ള കാമി റീത്ത ഷെർപ (53). ഇന്നലെ രാവിലെ 9.20നാണ് അദ്ദേഹം ഒടുവിൽ എവറസ്റ്റിനു മുകളിൽ എത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ.
മുതിർന്ന ഷെർപയായ പസങ് ദാവയുമായുള്ള മത്സരമാണ് തുടർച്ചയായ പർവതാരോഹണത്തിനു പ്രചോദനം. മേയ് 17ന് മുകളിലെത്തിയ കാമി റീത്തയുടെ പിന്നാലെയെത്തിയ പസങ് ദാവ, കാമി റീത്തയുടെ റെക്കോർഡിനൊപ്പമെത്തി. തുടർന്നാണ് വീണ്ടും കയറിയ കാമി ഇന്നലെ പുതിയ റെക്കോർഡിട്ട് സ്ഥാനം തിരിച്ചുപിടിച്ചത്.
അതേസമയം, ഓസ്ട്രേലിയയിൽ നിന്നുള്ള പർവതാരോഹകൻ ജേസൺ ബെർണാഡ് കെന്നിസൻ എവറസ്റ്റ് കീഴടക്കി മടങ്ങുന്നതിനിടെ മരിച്ചു. 2006 ൽ കാറപകടത്തെ തുടർന്ന് നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായ ജേസൺ കഠിന പരിശ്രമത്തിലൂടെ വീണ്ടും നടക്കാൻ പഠിച്ച ശേഷമാണ് എവറസ്റ്റ് കീഴടക്കിയത്. ഈ സീസണിൽ എവറസ്റ്റിൽ മരിക്കുന്ന പത്താമത്തെ പർവതാരോഹകനാണ് ജേസൺ.
English Summary: Nepali climber Kami Rita scales mount everest 28th time; creates new record