കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടനിൽ കർ‌ശനനടപടി; വിദേശ വിദ്യാർഥികൾ ആശ്രിതരെ കൊണ്ടുവരുന്നതിനു നിയന്ത്രണം

HIGHLIGHTS
  • തൊഴിൽ തരപ്പെടുത്താനുള്ള പിൻവാതിലായി വിദ്യാർഥി വീസ ഉപയോഗിക്കുന്നതു തടയും
britain-flag
SHARE

ലണ്ടൻ ∙ ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാൻ പാർലമെന്റിൽ പറഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാ‌ർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല. 

കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം. ബ്രിട്ടനിൽ തൊഴിൽ തരപ്പെടുത്തുന്നതിനുള്ള പിൻവാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് അവർ പറഞ്ഞു. 

9 മാസവും അതിൽക്കൂടുതൽ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇത്തരത്തിൽ ആശ്രിതരായെത്തുന്നവരുടെ എണ്ണം 3 വർഷം കൊണ്ട് എട്ടിരട്ടിയായെന്നാണ് സർക്കാർ കണ്ടെത്തൽ. കഴിഞ്ഞ വർഷം വിദേശ വിദ്യാർഥികൾക്കൊപ്പം ബ്രിട്ടനിലെത്തിയ കുടുംബാംഗങ്ങളുടെ എണ്ണം 1.36 ലക്ഷമാണ്. കഴിഞ്ഞ ജൂ‍ൺ വരെയുളള കണക്കനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം 5.04 ലക്ഷം വരും. 

വീസയിലെ ‘സ്റ്റുഡന്റ് റൂട്ടി’ൽ നിന്ന് തൊഴിലിനുള്ള ‘വർക്ക് റൂട്ടി’ലേക്ക് മാറുന്നത് പഠനം കഴിഞ്ഞു മാത്രമാക്കും. പഠനത്തിന്റെ മറവിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഏജന്റുമാർക്കെതിരെ നടപടിയെടുക്കും. 

വിദേശ വിദ്യാർഥികൾക്ക് ബ്രിട്ടനിൽ പഠനം നടത്തുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ബ്രേവർമാൻ പറഞ്ഞു. വിദേശ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതു തുടരും. മികച്ച സ്ഥാപനങ്ങളിൽ പഠിക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനു തടസ്സമുണ്ടാകില്ല. ഇതിനുള്ള നിബന്ധനകൾ വാഴ്സിറ്റികളുമായി ആലോചിച്ച് തീരുമാനിക്കും. 

മുന്നി‌ൽ നൈജീരിയ, രണ്ടാമത് ഇന്ത്യ

ആശ്രിതരെ കൊണ്ടുവരുന്നതിൽ മുന്നിൽ നൈജീരിയയിൽ നിന്നുള്ള വിദ്യാർഥികളാണ്. നൈജീരിയൻ വിദ്യാർഥികളുടെ ആശ്രിതരായി 60,923 പേരാണ് കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയത്. ഇന്ത്യയിൽനിന്ന് 1,39,539 വിദ്യാർഥികളും അവരുടെ ആശ്രിതരായി 38,990 പേരുമെത്തി. പാക്കിസ്ഥാനിൽ നിന്ന് 28,061 വിദ്യാർഥികളും 9,055 ആശ്രിതരും. ബംഗ്ലദേശിൽ നിന്ന് 15,637 വിദ്യാർഥികൾ, 7027 ആശ്രിതർ. ശ്രീലങ്കയിൽ നിന്ന് 5715 വിദ്യാർഥികൾ ആശ്രിതരായി കൊണ്ടുവന്നത് 5441 പേരെ. 

English Summary : Britain to crack down immigration 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA