ജോ ബൈഡൻ മണൽചാക്കിൽ തട്ടിവീണു; മടക്കയാത്രയിൽ ഹെലികോപ്റ്ററിന്റെ വാതിലിൽ തല ഇടിച്ചു

HIGHLIGHTS
  • സംഭവം വ്യോമസേനാ ബിരുദദാന വേദിയിൽ; പരുക്കില്ല
joe-biden-2
(1) ജോ ബൈഡൻ (2) കൊളോറാഡോയിൽ ബിരുദദാനച്ചടങ്ങിനിടെ വേദിയിൽ വീഴുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചിത്രം: എപി
SHARE

വാഷിങ്ടൻ ∙ കൊളോറാഡോയിൽ യുഎസ് എയർ ഫോഴ്സ് അക്കാദമിയിലെ ബിരുദദാനച്ചടങ്ങിനിടെ പ്രസിഡന്റ് ജോ ബൈഡൻ (80) വേദിയിൽ കാൽതട്ടി വീണു. പരുക്കില്ല. ബിരുദധാരികൾക്കു ഹസ്തദാനം നൽകിയശേഷം സീറ്റിലേക്കു മടങ്ങുമ്പോഴാണു മണൽചാക്കിൽ കാൽതട്ടി മുന്നോട്ടുവീണത്. വീണയുടൻ അദ്ദേഹം ഒരു മുട്ടുകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. സുരക്ഷാഭടന്മാർ സഹായിച്ചു. തുടർന്ന് ഇരിപ്പിടത്തിലേക്കു തനിയെ മടങ്ങുകയും ചെയ്തു. 

വേദിയിലെ ടെലിപ്രോംപ്റ്റർ താങ്ങിവച്ചിരുന്ന 2 മണൽചാക്കുകളിലൊന്നിൽ തട്ടിയാണു പ്രസിഡന്റ് വീണത്. സംഭവത്തിനുശേഷം വ്യോമസേന ഉദ്യോഗസ്ഥരോടു സംസാരിച്ച അദ്ദേഹം പുഞ്ചിരിയോടെ കുഴപ്പമില്ലെന്നു പറയുന്നുണ്ടായിരുന്നു. മടക്കയാത്രയിൽ ഹെലികോപ്റ്ററിൽനിന്ന് ഇറങ്ങുമ്പോൾ ബൈഡന്റെ തല കോപ്റ്ററിന്റെ വാതിലിൽ ഇടിച്ചു. വൈറ്റ്ഹൗസിൽ മടങ്ങിയെത്തിയശേഷം മാധ്യമപ്രവർത്തകരോടു മണൽചാക്കിൽ തട്ടിവീണതു പ്രസിഡന്റ് വിവരിച്ചു. 

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ബൈഡന്റെ പ്രായാധിക്യം വോട്ടർമാർക്കിടയിൽ ചർച്ചയാണ്. ബൈഡന്റെ ആരോഗ്യനില ഭദ്രമാണെന്നു ഫെബ്രുവരിയിൽ ഡോക്ടർമാർ പരിശോധനകൾക്കുശേഷം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ജൂണിൽ ബൈഡൻ സൈക്കിളിൽനിന്നു വീണതും വാർത്തയായിരുന്നു. 

English Summary : Joe biden falls on stage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.