ADVERTISEMENT

കീവ് ∙ തെക്കൻ യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്നപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. സ്ഫോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണു സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിനാളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. 

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോ‌വ്ക അണക്കെട്ട് റഷ്യൻസേന തകർത്തതാണെന്നു യുക്രെയ്ൻ സൈന്യവും യുക്രെയ്നിന്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്നു റഷ്യൻ അധികൃതരും ആരോപിച്ചു. 

നിപ്രോ നദിയിൽ സോവിയറ്റ് കാലത്തു നിർമിച്ച 6 അണക്കെട്ടുകളിൽ ഏറ്റവും വലുതാണിത്. ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. 2014 ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും ഈ ഡാമിൽനിന്നാണു വെള്ളം കൊണ്ടുപോകുന്നത്. 

റഷ്യൻസേന ചൊവ്വാഴ്ച പുലർച്ചെ 2.50 നു സ്ഫോടനത്തിൽ ഡാം തകർത്തുവെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ആരോപണം. അണ തകർന്നു വെള്ളം കുത്തിയൊഴുകുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമേഖലയിൽ 16,000 ജനങ്ങൾ പാർക്കുന്നുണ്ടെന്നു ഖേഴ്സൻ ഗവർണർ വ്യക്തമാക്കി. 

താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം താഴാൻ 7 ദിവസമെങ്കിലുമെടുക്കുമെന്നാണു റിപ്പോർട്ട്. ആയിരക്കണക്കിനു മൃഗങ്ങൾ ചത്തൊടുങ്ങുന്നതിനു പുറമേ മേഖലയിലെ പരിസ്ഥിതി ആവാസവ്യവസ്ഥ തകിടം മറിയുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യയുടെയും യുക്രെയ്നിന്റെയും അധീനതയിലുള്ള പ്രദേശങ്ങളെ വെള്ളപ്പൊക്കം ബാധിക്കും. 

റഷ്യൻസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള വൻ സൈനികനീക്കം യുക്രെയ്ൻ ആരംഭിച്ചതിനു പിന്നാലെയാണു ഡാം തകർന്നത്. സാപൊറീഷ്യ ആണവനിലയത്തിൽ ശീതികരണത്തിനു ബദൽ സംവിധാനം ഉള്ളതിനാൽ തൽക്കാലം പ്രശ്നമില്ലെന്ന് യുഎൻ രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. 

English Summary: Russian Strikes Blow Up Soviet-Era Dam, Massive Flood Unleashed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com