ലണ്ടൻ ∙ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എംപി സ്ഥാനം രാജിവച്ചു. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയിലൂടെ പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന വിഷയത്തിൽ പാർലമെന്റ് സമിതി അന്വേഷണം നടത്തുകയാണ്. തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാൽ 10 ദിവസം വരെ സസ്പെൻഷൻ ലഭിച്ചേക്കാം.
സമിതി റിപ്പോർട്ട് പുറത്തുവരും മുൻപാണു ജോൺസന്റെ രാജി. പാർലമെന്റിൽനിന്ന് ഒഴിയുന്നത് സങ്കടകരമാണെന്നും എന്നാൽ തന്നെ പുറത്താക്കാൻ കുറച്ചുപേർ ശ്രമിക്കുകയാണെന്നും ഇവർക്കു പാർട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോൺസൺ പറഞ്ഞു. കോവിഡ് കാലത്ത് ലോക്ഡൗൺ ചട്ടങ്ങൾ മറികടന്നു മദ്യസൽക്കാരമടക്കമുള്ള ആഘോഷങ്ങൾ നടത്തിയതിലൂടെ ‘ പാർട്ടിഗേറ്റ്’ എന്നറിയപ്പെട്ട വിവാദത്തിന്റെ പേരിൽ പ്രധാനമന്ത്രിയായിരിക്കെ ജോൺസണു പാർലമെന്റിൽ ക്ഷമാപണം നടത്തേണ്ടിവന്നു. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടർന്നു കഴിഞ്ഞവർഷം ജൂലൈയിൽ പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു.
English Summary : Boris Johnson resigns as MP