കാണാനില്ല, ചൈനയുടെ പ്രതിരോധ മന്ത്രിയെ

HIGHLIGHTS
  • അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രി
china-flag
SHARE

ബെയ്ജിങ് ∙ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ ‘കാണാനില്ല’. കഴിഞ്ഞ 29നു ശേഷം മന്ത്രിയെ പുറത്തുകണ്ടിട്ടില്ലെന്നത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

കഴിഞ്ഞ മാർച്ചിലാണ് ലീ (65) പ്രതിരോധ മന്ത്രിയായി ചുമതലയേറ്റത്. ഏപ്രിലിൽ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) കൂട്ടായ്മയുടെ ഭാഗമായി ഇന്ത്യ ആതിഥ്യം വഹിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയിരുന്നു.

ചൈനയിൽ അടുത്തിടെ അപ്രത്യക്ഷനായ രണ്ടാമത്തെ മന്ത്രിയാണ് ലീ. നേരത്തെ വിദേശകാര്യമന്ത്രി ചിൻ ഗാങ്ങിനെ ഒരു മാസത്തോളം കാണാതായി. പിന്നീട് പുറത്താക്കി. എന്താണ് കാരണമെന്ന് ആർക്കുമറിയില്ല. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ വിശ്വസ്തൻ കൂടിയായിരുന്നു ചിൻ ഗാങ്. പ്രതിരോധ മന്ത്രിക്കും ഈ ഗതി ആയിരിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

ഉന്നതരെ കാണാതാകുന്ന രീതി ഏറെക്കാലമായി ചൈനയിൽ നിലവിലുണ്ട്. രാഷ്ട്രീയക്കാർക്കു പുറമേ സമ്പന്ന വ്യവസായികളും കായികതാരങ്ങളും ഇങ്ങനെ കാണാതായി തിരിച്ചുവന്നവരുടെ പട്ടികയിലുണ്ട്. സമ്പന്ന വ്യവസായി ദുവാൻ വെയിഹോങ് 5 വർഷത്തോളം അപ്രത്യക്ഷയായിരുന്നു.

ഉപപ്രധാനമന്ത്രിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായും ഏറെക്കാലം ഇരുട്ടിലായിരുന്നു. ജാക് മാ എന്ന ആലിബാബ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയ്ക്ക് സർക്കാർ നയങ്ങളെ വിമർശിച്ചതിനെ തുടർന്നാണ് അപ്രത്യക്ഷനാകേണ്ടിവന്നത്.

English Summary : Missing, China's Defense Minister Li Shangfu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.