ADVERTISEMENT

ന്യൂഡൽഹി ∙ 40 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മടങ്ങി. ജി20 ഉച്ചകോടിക്കായി എത്തിയ ട്രൂഡോയുടെ വിമാനത്തിന്റെ തകരാർ മൂലമാണ് അദ്ദേഹവും സംഘവും ഒന്നരദിവസത്തോളം ഡൽഹിയിൽ കുടുങ്ങിയത്. പകരം വിമാനം കാനഡയിൽ നിന്ന് വരുന്നതിനിടെ ഇന്നലെ ഉച്ചയോടെ വിമാനത്തിന്റെ തകരാർ പരിഹരിച്ചു. തുടർന്ന് 1.10ന് പാലം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. പകരം വന്ന വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിട്ടു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്രൂഡോയെ യാത്രയാക്കി. 

ഖലിസ്ഥാൻ വിഷയത്തിലടക്കം തട്ടി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായിരിക്കുന്ന സമയത്താണ് ഞായറാഴ്ച വൈകിട്ട് മടങ്ങാനിരുന്ന ട്രൂഡോ ഡൽഹിയിൽ കുടുങ്ങുന്നത്. ജി20 ഉച്ചകോടിയിൽ അദ്ദേഹത്തിന് അർഹമായ പ്രാമുഖ്യം നൽകിയില്ലെന്ന വിമർശനവും ഉയർന്നിരുന്നു. ട്രൂഡോയ്ക്ക് സഞ്ചരിക്കാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി തുടങ്ങിയവർ ഉപയോഗിക്കുന്ന ‘എയർ ഇന്ത്യ വൺ’ വിമാനം വിട്ടുകൊടുക്കാൻ തിങ്കളാഴ്ച ഇന്ത്യ സന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ വാഗ്ദാനം കാനഡ സ്വീകരിച്ചില്ലെന്നാണ് വിവരം. 

∙ കേടായത് ‘പറക്കുന്ന താജ്മഹൽ’ 

30 വർഷത്തോളം പഴക്കമുണ്ട് കനേഡിയൻ പ്രധാനമന്ത്രിയുടെ എയർബസ് സിസി–150 പൊളാരിസ് വിമാനങ്ങൾക്ക്. 5 വിമാനങ്ങളിൽ രണ്ടെണ്ണം മാത്രമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. മറ്റുള്ളവ ടാങ്കർ വിമാനങ്ങളാണ്. 2027 വരെയാണ് ഈ വിമാനങ്ങളുടെ കാലാവധി. അതുകഴിഞ്ഞ് എയർബസ് സി–330 വിമാനങ്ങൾ പകരമെത്തും. 

വൻ തുക മുടക്കി പ്രധാനമന്ത്രിക്കായി സജ്ജമാക്കിയ ആഡംബര വിമാനത്തെ കാനഡയിലെ പ്രതിപക്ഷ നേതാവായിരുന്ന ഴാൻ ക്രെറ്റിയൻ പണ്ട് വിശേഷിപ്പിച്ചത് ‘പറക്കുന്ന താജ് മഹൽ’ എന്നായിരുന്നു. ക്രെറ്റിയൻ പിന്നീട് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഈ വിമാനം ഉപയോഗിച്ചിരുന്നില്ല. 

English Summary : Prime minister Justin Trudeau returned to Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com