മോസ്കോ ∙ കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്റ്റോച്നി കോസ്മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിനു ധാരണയായതായി സൂചന. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട രാഷ്ട്രത്തലവന്മാരെന്നു വിശേഷിപ്പിക്കാവുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ ഇന്നലെ നടന്ന 5 മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിലാണ് ഉറ്റബന്ധം പുതുക്കി സഹകരണം വ്യാപിപ്പിക്കാൻ തീരുമാനമായത്.
എക്കാലവും റഷ്യയ്ക്കൊപ്പം നിൽക്കുമെന്നും ആധിപത്യ ശക്തികൾക്കെതിരെ പോരാടുന്നതിൽ പിന്തുണയേകുമെന്നും കിം പ്രഖ്യാപിച്ചു. രാജ്യാന്തര നിബന്ധനകൾ പാലിച്ചു കൊണ്ട് ഉത്തര കൊറിയയുമായി സൈനിക സഹകരണം ആലോചിക്കുന്നതായി പുട്ടിൻ പറഞ്ഞതായി സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ റഷ്യയ്ക്കു സൈനിക സഹായവും റഷ്യ അതിനു പകരമായി സൈനിക ഉപഗ്രഹങ്ങൾ വികസിപ്പിക്കാനുള്ള പിന്തുണയും നൽകും. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ ആയുധക്കരുത്തു കൂട്ടാൻ ഉത്തര കൊറിയ സഹായിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സൈനിക സഹകരണ സൂചനകളോടെ ശക്തമായി. റഷ്യയ്ക്ക് ആയുധം വിൽക്കരുതെന്ന് ഉത്തര കൊറിയയോട് ബ്രിട്ടൻ അഭ്യർഥിച്ചു. എന്നാൽ, യുഎസ് ഉൾപ്പെടെ ആരോപിക്കുന്നതു പോലെ ആയുധ ഇടപാടുകൾ ഒന്നുമില്ലെന്ന് റഷ്യയും ഉത്തര കൊറിയയും അവകാശപ്പെട്ടു.
English Summary: Putin and KIm Jong Un considering military cooperation