മാലദ്വീപിൽ ‘ചൈനാവിജയം’; മുഹമ്മദ് മുയിസു പ്രസിഡന്റ്

Mail This Article
മാലെ ∙ തലസ്ഥാന മേയറും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് മുയിസുവിന് മാലദ്വീപ് പ്രസിഡന്റായി സ്ഥാനക്കയറ്റം. ശനിയാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 54 % വോട്ടു നേടിയാണു ചൈന അനുകൂലിയെന്നു പരസ്യമായി അവകാശപ്പെട്ടിട്ടുള്ള മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ പരാജയപ്പെടുത്തിയത്. നവംബർ 17നാണു സത്യപ്രതിജ്ഞ.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപസമൂഹങ്ങളിൽ ചൈനയോടു കൂറുള്ള നേതാവ് അധികാരത്തിലെത്തുന്നത് ഇന്ത്യയ്ക്കു പുതിയ വെല്ലുവിളിയായേക്കാം. ചൈനയ്ക്കു മീതേ ഇന്ത്യയ്ക്കു പരിഗണന നൽകുന്ന നയങ്ങൾ കൊണ്ടു ശ്രദ്ധേയനാണ് ഇപ്പോഴത്തെ പ്രസിഡന്റ് സോലിഹ്. കാലാകാലങ്ങളായി ശക്തിയാർജിച്ച ഇന്ത്യ– മാലദ്വീപ് ബന്ധം കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുയിസുവിന് അഭിനന്ദനങ്ങൾ നേർന്നുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
85% പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 46% വോട്ടാണ് മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ സോലിഹിനു ലഭിച്ചത്. മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് എംഡിപി വിട്ടു സ്വന്തം സ്ഥാനാർഥിയെ നിർത്തിയത് സോലിഹിനു തിരിച്ചടിയായി. മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി (പിപിഎം) നേതാവാണു മുഹമ്മദ് മുയിസു (45). ബ്രിട്ടനിലായിരുന്നു പഠനം. തുടർന്നു സിവിൽ എൻജിനീയറായി. പിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ പ്രസിഡന്റുമായ അബ്ദുല്ല യമീന്റെ വത്സലശിഷ്യനായാണു രാഷ്ട്രീയത്തിലിറങ്ങിയത്.
English Summary: 'Chinese Victory' in Maldives; Muhammed Muizzu President