ADVERTISEMENT

ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 35 പേരും ഒരു കുടുംബത്തിലേതാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ 2 പാർപ്പിട സമുച്ചയങ്ങളിലെ ബോംബാക്രമണത്തിൽ കുട്ടികളടക്കം 47 പേർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്‌ലുസ് നഗരത്തിലെ ആക്രമണത്തിൽ 5 പേരും കൊല്ലപ്പെട്ടു.

ഏഴാം ആഴ്ചയിലേക്കു കടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 12,000 കവിഞ്ഞു. ഇതിൽ 5000 പേർ കുട്ടികളാണ്. ഖാൻ യൂനിസിൽ കൂടുതൽ ബോംബാക്രമണം ഉണ്ടാകുമെന്നും ജനങ്ങളോടു നഗരം വിടാനും ഇസ്രയേൽ മുന്നറിയിപ്പുനൽകി. ഈജിപ്ത് അതിർത്തിയിലെ റഫാ മേഖലയിലേക്കു നീങ്ങാനാണു നിർദേശം.

ഇസ്രയേൽ സൈന്യം പിടിച്ചെടുത്ത അൽ ഷിഫ ആശുപത്രിയിൽനിന്നു ജീവനക്കാരും അഭയാർഥികളും പലായനം തുടങ്ങി. കിടപ്പുരോഗികളെ പരിചരിക്കാനായി ഏതാനും ആരോഗ്യപ്രവർത്തകർ മാത്രമാണു ശേഷിക്കുന്നത്. ഹമാസ് ആസ്ഥാനം ആശുപത്രി സമുച്ചയത്തിനടിയിലെ ബങ്കറിൽ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേൽ സേന ആശുപത്രി ആക്രമിച്ചത്. എന്നാൽ, ഇതിന്റെ തെളിവുകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല. ആശുപത്രിയിൽ ആയുധശേഖരവും തുരങ്കകവാടവും കണ്ടെത്തിയതായി അവകാശപ്പെട്ടു സൈന്യം വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഗാസയിലെ ബന്ദികളിൽ ഒരാൾ കൂടി മരിച്ചതായി ഹമാസ് അറിയിച്ചു.

ഇന്ധനമില്ലാതെ ജനറേറ്ററുകൾ നിലച്ചതോടെ അറ്റുപോയ ഇന്റർനെറ്റ്, ഫോൺ സേവനം ഗാസയിൽ ഭാഗികമായി പുനഃസ്ഥാപിച്ചു. നിർത്തിവച്ചിരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളും പുനരാരംഭിച്ചു. നിലവിൽ ഗാസയ്ക്കാവശ്യമായതിന്റെ 10% ഭക്ഷ്യവസ്തുക്കൾ മാത്രമാണ് ഈജിപ്തിൽനിന്ന് എത്തുന്നതെന്ന് യുഎൻ അറിയിച്ചു. പ്രതിദിനം 2 ടാങ്കർ ഇന്ധനം ഗാസയിലെത്തിക്കാൻ ഇസ്രയേൽ അനുവദിച്ചു.

English Summary:

Israel bombs refugee camps and homes in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT