ADVERTISEMENT

ഗാസ ∙ വെടിനിർത്തലിനിടയിലും ഇസ്രയേൽ സേന ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമടക്കം വെടിവയ്പ് തുടരുന്നു. മധ്യഗാസയിലെ മഗസി അഭയാർഥി ക്യാംപിനുനേരെ ഇന്നലെ നടത്തിയ ആക്രമണത്തിൽ പലസ്തീൻകാരനായ കർഷകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്കു പരുക്കേറ്റു. 

വെസ്റ്റ് ബാങ്കിൽ സേനയുടെ പ്രതിഷേധക്കാർക്കുനേരെ നടത്തിയ വെടിവയ്പിൽ ഒരു കുട്ടിയടക്കം 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജെനിനിൽ 5 പേരും മറ്റിടങ്ങളിലായി 3 പേരുമാണു കൊല്ലപ്പെട്ടത്. 6 പേർക്കു പരുക്കേറ്റു. ഇതോടെ ഒക്ടോബർ 7നുശേഷം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടവർ 239 ആയി. സർക്കാർ ആശുപത്രികളും റെഡ് ക്രെസന്റ് സൊസൈറ്റിയുടെ ആസ്ഥാനവും വളഞ്ഞായിരുന്നു സേനയുടെ വെടിവയ്പ്. ഗാസയിൽ ഇതുവരെ 15,000 പേർ കൊല്ലപ്പെട്ടു. ഇതിൽ 6000 പേർ കുട്ടികളാണ്.

യുദ്ധത്തിനു മുൻപു വടക്കൻ ഗാസയിലുണ്ടായിരുന്ന 24 ആശുപത്രികളിൽ നാലു ചെറിയ ആശുപത്രികൾ മാത്രമാണ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് യുഎൻ അറിയിച്ചു. തെക്കൻ ഗാസയിലെ 11 ആശുപത്രികളിൽ 8 എണ്ണവും. ഹമാസ്–ഇസ്രയേൽ വെടിനിർത്തൽ സ്വാഗതം ചെയ്ത ഫ്രാൻസീസ് മാർപാപ്പ, ഗാസയിലേക്ക് കൂടുതൽ ജീവകാരുണ്യ സഹായം എത്തിക്കാ‍ൻ സജജീകരണമൊരുക്കണമെന്നും ആവശ്യപ്പെട്ടു.

യെമനു സമീപം കപ്പൽ പിടിച്ചെടുത്തു; ജീവനക്കാരിൽ ഇന്ത്യക്കാരും

ലണ്ടൻ ∙ ഇസ്രയേലി ശതകോടീശ്വരൻ എയാൽ ഒഫറുടെ സോഡിയാക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതായി കരുതുന്ന സെൻട്രൽ പാർക്ക് ചരക്കുകപ്പൽ യെമനു സമീപം ഏഡൻ ഉൾക്കടലിൽ അക്രമികൾ പിടിച്ചെടുത്തു. കപ്പലിലെ 22 ജീവനക്കാരിൽ ഇന്ത്യക്കാരുമുണ്ട്. ഇറാൻ ബന്ധമുള്ള ഹൂതികൾ നേരത്തേ ഇസ്രയേൽബന്ധമുള്ള കപ്പൽ തട്ടിക്കൊണ്ടുപോയിരുന്നു.

English Summary:

Israel continue firing at gaza and west bank during cease fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com