ADVERTISEMENT

ജറുസലം ∙ തെക്കൻ ഗാസയിൽ അഭയാർഥികൾ തിങ്ങിനിറഞ്ഞ റഫയിലേക്കും ഇസ്രയേൽ സൈന്യം പ്രവേശിച്ചേക്കുമെന്ന ആശങ്കകൾക്കിടയിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തുന്ന മധ്യപൂർവദേശ സന്ദർശനം വെടിനിർത്തൽ പ്രതീക്ഷ നൽകുന്നു. ഇന്നലെ സൗദി അറേബ്യയിലെത്തിയ ബ്ലിങ്കൻ തുടർന്ന് ഈജിപ്ത്, ഖത്തർ, ഇസ്രയേൽ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളും സന്ദർശിക്കും. ഗാസ യുദ്ധം തുടങ്ങിയശേഷം മേഖലയിൽ ബ്ലിങ്കന്റെ 5–ാം സന്ദർശനമാണിത്.

ഈജിപ്ത്, ഖത്തർ മധ്യസ്ഥതയിൽ യുഎസ് മുൻകയ്യെടുത്തു തയാറാക്കിയ 40 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ കഴിഞ്ഞയാഴ്ച കൈമാറിയെങ്കിലും ഹമാസ് പ്രതികരിച്ചിട്ടില്ല. 4 മാസം പിന്നിടുന്ന യുദ്ധം നിർത്തുമെന്ന് ഇസ്രയേൽ ഉറപ്പുനൽകാതെ കരാറിനില്ലെന്ന നിലപാടിലാണു ഹമാസ്. ബന്ദികളുടെ മോചനത്തിനുള്ള വെടിനിർത്തലിനാണ് ഇസ്രയേൽ ശ്രമിക്കുന്നത്. ബ്ലിങ്കൻ നടത്തുന്ന ചർച്ചയിൽ ഈ സ്ഥിതി മാറുമോ എന്നു നിരീക്ഷിച്ചശേഷമായിരിക്കും ഹമാസ് നിലപാട് അറിയിക്കുക.

തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പിടിക്കാനായി രണ്ടാഴ്ച പിന്നിട്ട ആക്രമണം രൂക്ഷമായി തുടരവേ, മധ്യഗാസയിൽ പള്ളിയിലും വീടുകളിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ പുനരാരംഭിച്ച കനത്ത വെടിവയ്പ് തുടരുന്നുവെന്നാണു റിപ്പോർട്ടുകൾ. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 27,478 പലസ്തീൻകാരാണു ഗാസയിൽ കൊല്ലപ്പെട്ടത്. 66,835 പേർക്കു പരുക്കേറ്റു. ഏറ്റുമുട്ടലിൽ 226 സൈനികർ ഇതിനകം കൊല്ലപ്പെട്ടതായി ഇസ്രയേലും അറിയിച്ചു.

അതേസമയം, ഇറാൻ പിന്തുണയുള്ള ഇറാഖിലെയും സിറിയയിലെയും സായുധസംഘടനകളുടെ താവളങ്ങളിൽ കൂടുതൽ ആക്രമണം നടത്താൻ യുഎസ് തയാറെടുക്കവേ, സിറിയയിലെ യുഎസ് താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ യുഎസ് അനുകൂല കുർദ് വിഭാഗത്തിലെ 6 പേർ കൊല്ലപ്പെട്ടു.

ഹിന്ദ് എവിടെ ?

ഗാസ സിറ്റിയിൽനിന്നു പലായനം ചെയ്യുന്നതിനിടെ കാണാതായ 6 വയസ്സുകാരി ഹിന്ദ് റജബിനെയും കുട്ടിയെ രക്ഷിക്കാൻ പോയ 2 സന്നദ്ധപ്രവർത്തകരെയും കുറിച്ച് 7 ദിവസം കഴിഞ്ഞിട്ടും വിവരമില്ല. കഴിഞ്ഞയാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം തെക്കൻ ഗാസയിലേക്കു കാറിൽ പോകവേ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ ഹിന്ദ് ഒഴികെ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു.

സഹായം തേടി റജബ് നടത്തിയ അടിയന്തര ഫോൺ സന്ദേശത്തെത്തുടർന്നു കുട്ടിയെ തിരഞ്ഞ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ യൂസഫ് സെയ്നോയും അഹ്മദ് അൽ മദൂനും പുറപ്പെടുകയായിരുന്നു. ഇവരെക്കുറിച്ചും പിന്നീടു വിവരമൊന്നുമില്ല. കാറിൽ മൃതദേഹങ്ങൾക്കിടയിലിരുന്നു കണ്ണീരോടെ ഹിന്ദ് നടത്തിയ ഫോൺ വിളിയുടെ ശബ്ദരേഖ റെഡ് ക്രസന്റ് സൊസൈറ്റി പുറത്തുവിട്ടിരുന്നു.

English Summary:

Antony Blinken in Saudi Arabia; Gaza hopes for ceasefire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com