റഷ്യൻ മിസൈലിന് യുക്രെയ്ൻ തിരിച്ചടി
Mail This Article
കീവ് ∙ മിസൈലാക്രമണം കടുപ്പിച്ച് യുക്രെയ്നും റഷ്യയും. റഷ്യ ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് ക്രൂസ് മിസൈലുകൾ തൊടുത്തു. പുലർച്ചെ കീവിലെമ്പാടും മിസൈലാക്രമണത്തിന്റെ ഉഗ്രശബ്ദങ്ങളായിരുന്നു. ഗുരുതര നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് യുക്രെയ്ൻ സേന അറിയിച്ചു. പടിഞ്ഞാറൻ മേഖലയായ ലിവ്യു ലക്ഷ്യമാക്കി റഷ്യ നടത്തിയ മിസൈലാക്രമണം അതിർത്തി പങ്കിടുന്ന പോളണ്ടിലും പ്രതിരോധ സംവിധാനമൊരുക്കേണ്ട സ്ഥിതിയുണ്ടാക്കി. ഒസർഡോവ് പട്ടണത്തിനു മീതേ മിസൈൽ സാന്നിധ്യം പരിഭ്രാന്തി പരത്തി.
-
Also Read
ഐഎസ് ബന്ധം: ഐഐടി വിദ്യാർഥി അറസ്റ്റിൽ
യുക്രെയ്നിലെമ്പാടുമായി ഇന്നലെ മാത്രം 57 മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത്. 28 മിസൈലുകളിൽ 18 എണ്ണവും യുക്രെയ്ൻ സേനയ്ക്കു നശിപ്പിക്കാനായി. 28 ഡ്രോണുകളിൽ 25 എണ്ണവും തകർത്തു. റഷ്യയിലെ സറട്ടോവ് മേഖലയിൽനിന്നായിരുന്നു മിസൈലാക്രമണം. വൈദ്യുതി, വാതക വിതരണശൃംഖലകളിലും ഇന്നലെ രാവിലെ റഷ്യൻ ആക്രമണം നടന്നു. ക്രൈമിയയിൽ റഷ്യയുടെ രണ്ടു യുദ്ധക്കപ്പലുകൾ തകർത്തതായി യുക്രെയ്ൻ സേന അറിയിച്ചു.
അതിർത്തിക്കടുത്ത് യുഎസ് യുദ്ധവിമാനം: ‘മിഗ്’ അയച്ച് റഷ്യ
മോസ്കോ ∙ ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ബറന്റ്സ് കടലിനോടു ചേർന്നുള്ള റഷ്യൻ അതിർത്തിയിലേക്ക് യുഎസിന്റെ ബോംബർ വിമാനങ്ങൾ പാഞ്ഞടുത്തപ്പോൾ യുദ്ധസമാന അന്തരീക്ഷം. യുഎസ് വിമാനങ്ങളുടെ വരവു കണ്ട് മിഗ് 31 യുദ്ധവിമാനം റഷ്യ അയച്ചതോടെ രംഗം മാറി. റഷ്യൻ യുദ്ധവിമാനം എത്തിയതോടെ ബോംബറുകൾ അതിവേഗം മടങ്ങിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.