ADVERTISEMENT

ഗാസ ∙ നൂറുകണക്കിനു പലസ്തീൻകാരെ കൊന്നൊടുക്കി ഇസ്രയേൽ സൈനികനടപടി തുടരുമ്പോൾ ഒരു വശത്ത് യുദ്ധത്തെ അപലപിച്ചും മറുവശത്ത് ആയുധസഹായം കൂട്ടിയും യുഎസ് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്. ഗാസയുടെ വിവിധ ഭാഗങ്ങളിൽനിന്നു പലായനം ചെയ്തെത്തിയവർ ഉൾപ്പെടെ കഴിയുന്ന തെക്കൻ പട്ടണമായ റഫയിൽ സൈന്യത്തെ ഇറക്കാൻ തയാറെടുക്കുന്ന ഇസ്രയേലിനെ വാക്കാൽ തടയുന്ന യുഎസ് ഇന്നലെ 250 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങളും ബോംബുകളും അടക്കമുള്ള സഹായ പാക്കേജിന് അംഗീകാരം നൽകി. 1000 അടി ചുറ്റളവിൽ കനത്ത നാശം വിതയ്ക്കുന്ന ബോംബുകൾ നേരത്തേയും യുഎസ് നൽകിയിട്ടുള്ളതാണെന്നതുൾപ്പെടെ വിവരങ്ങൾ വാഷിങ്ടൻ പോസ്റ്റ് പത്രമാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. 

സഖ്യരാജ്യമായ ഇസ്രയേലിന് ഓരോ വർഷവും 380 കോടി ഡോളറിന്റെ പ്രതിരോധസഹായമാണ് യുഎസ് നൽകി വരുന്നത്. റഫയിലെ സൈനിക നടപടി സംബന്ധിച്ച അഭിപ്രായഭിന്നത മൂലവും യുഎന്നിലെ വോട്ടെടുപ്പിൽനിന്നു യുഎസ് വിട്ടുനിന്നതിനു ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അൽപം മോശമായെങ്കിലും ബൈഡൻ ഭരണകൂടം ആയുധസഹായം തുടരുകയാണ്. ബേണി സാൻഡേഴ്സ് ഉൾപ്പെടെ സെനറ്റ് അംഗങ്ങൾ ഇതിനെ വിമർശിച്ചു രംഗത്തെത്തി. 

ഇതിനിടെ, ഗാസയിലേക്ക് 400 ടൺ ഭക്ഷണവുമായുള്ള കപ്പൽ സൈപ്രസ് തീരത്തുനിന്നു പുറപ്പെട്ടു. നേരത്തേ കപ്പലിൽ 200 ടൺ ഭക്ഷണം എത്തിച്ചിരുന്നു. ഗാസ സിറ്റിയിലും ഖാൻ യൂനിസിലും ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങി. ഖാൻ യൂനിസിൽ 7 നില പാർപ്പിട സമുച്ചയമാണ് ഇസ്രയേൽ ആക്രമണത്തിൽ നിലംപൊത്തിയത്. 

തെക്കൻ ലെബനനിൽ അതിർത്തിക്കടുത്ത് ഷെല്ലാക്രമണത്തിൽ യുഎൻ സമാധാന ദൗത്യസേനയിലെ നാലു പേർക്കു പരുക്കേറ്റു. സമാധാനസേനയെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് യുഎൻ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ വെടിയേറ്റ് 13 വയസ്സുള്ള പലസ്തീൻ ബാലൻ മരിച്ചു.

∙ ഗാസയിൽ ഇതുവരെ 32,705 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 75,190 പേർക്കു പരുക്കേറ്റു.

English Summary:

Ceasefire far away, situation in Gaza escalates; US double standards by arming Israel again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com