മധ്യഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷം, സൈന്യവും ഹമാസും തമ്മിൽ തെരുവുയുദ്ധം; മരണം 44
Mail This Article
ജറുസലം ∙ യുഎസ് മുൻകയ്യെടുത്തുള്ള വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെ, മധ്യഗാസയിൽ ഇസ്രയേൽ സൈന്യം കരയുദ്ധവും വ്യോമാക്രമണവും ശക്തമാക്കി. 24 മണിക്കൂറിൽ 44 പലസ്തീൻകാർ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്കു പരുക്കേറ്റു. സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം നടക്കുന്നുവെന്നാണു റിപ്പോർട്ട്. അൽ ബുറേജ് അഭയാർഥി ക്യാംപ്, ദേർ അൽ ബലാഹ് എന്നിവിടങ്ങളിലെ ഹമാസ് താവളങ്ങൾ തിരഞ്ഞുപിടിച്ചാണ് ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു. ദെയ്ർ അൽ ബലാഹിൽ മൃതദേഹങ്ങൾ കൊണ്ട് മോർച്ചറി നിറഞ്ഞതായി റിപ്പോർട്ടുണ്ട്.
അതിനിടെ, സിഐഎ ഡയറക്ടർ വില്യം ബേൺസ് ഖത്തർ പ്രധാനമന്ത്രിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധം നിർത്താതെ ബന്ദികളെ വിടില്ലെന്നാണു ഹമാസിന്റെ പ്രഖ്യാപിത നിലപാട്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം നിർത്തില്ലെന്ന് ഇസ്രയേലും. ഈ ഭിന്നത പരിഹരിച്ചു വെടിനിർത്തൽ കരാർ സാധ്യമാകുമോയെന്നാണു ചർച്ച ചെയ്യുന്നത്. ഹമാസ് പ്രതിനിധി കയ്റോയിലെത്തി ഈജിപ്ത് നേതൃത്വവുമായി ചർച്ച തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 36,586 പലസ്തീൻകാർ കൊല്ലപ്പെട്ടു. 83,074 പേർക്കു പരുക്കേറ്റു.
യുദ്ധം തുടർന്നാൽ ജൂലൈ പകുതിയോടെ 10 ലക്ഷത്തിലേറെ പലസ്തീൻകാർ കൊടുംപട്ടിണിയിലാകുമെന്നു ലോകാരോഗ്യ സംഘടനയും യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷനും (എഫ്എഒ) മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ചോടെ 6.77 ലക്ഷം പേർ ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു. ലബനനിലെ യുഎസ് എംബസിക്കുനേരെ വെടിവയ്പുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണ്. ഏറ്റുമുട്ടലിൽ പരുക്കേറ്റ അക്രമിയെ ആശുപത്രിയിലാക്കി. സിറിയൻ പൗരനാണു വെടിയുതിർത്തത്.