സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച; യാത്രികർ സുരക്ഷിതരെന്ന് നാസയും ബോയിങ്ങും

Mail This Article
ഹൂസ്റ്റൻ (യുഎസ്) ∙ ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വിൽമോറും യാത്രികരായ ബോയിങ് സ്റ്റാർലൈനർ പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന് അരികിലെത്തി. എന്നാൽ, പേടകത്തിൽ നിന്നു ഹീലിയം വാതകച്ചോർച്ചയുണ്ടായതു ദൗത്യം ദുഷ്കരമാക്കി. ഇതോടെ ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതായി. ഇതിനു പകരം ക്രമീകരണങ്ങളുണ്ടെന്നും യാത്രികർ സുരക്ഷിതരാണെന്നും നാസയും ബോയിങ്ങും അറിയിച്ചു.
സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള ദൗത്യങ്ങൾക്കായി വികസിപ്പിച്ചെടുത്തതാണ് സ്റ്റാർലൈനർ. ഒരാഴ്ച നീളുന്ന പരീക്ഷണങ്ങൾക്കു ശേഷം ഇവർ ബഹിരാകാശനിലയത്തിൽ നിന്നു മടങ്ങും. 1998ൽ നാസയുടെ ബഹിരാകാശസഞ്ചാരത്തിനു തിരഞ്ഞെടുക്കപ്പെട്ട സുനിത 2006ലും 2012 ലും ബഹിരാകാശനിലയത്തിലെത്തി. കൂടുതൽ നേരം ബഹിരാകാശത്തു നടന്ന രണ്ടാമത്തെ വനിതയെന്ന നേട്ടം (50 മണിക്കൂർ 40 മിനിറ്റ്) കൈവരിച്ചിട്ടുണ്ട്. 2 യാത്രകളിലുമായി 322 ദിവസം ബഹിരാകാശനിലയത്തിൽ ചെലവഴിച്ചു.