ഗാസ യുഎൻ ക്യാംപായ സ്കൂളിൽ ബോംബിട്ട് ഇസ്രയേൽ; നാൽപത് പേർ മരിച്ചു

Mail This Article
ജറുസലം ∙ ഗാസയിൽ യുഎൻ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇസ്രയേൽ ബോംബിട്ടതിനെത്തുടർന്നു കുട്ടികളും സ്ത്രീകളുമടക്കം 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ സ്കൂൾ കെട്ടിടം ഹമാസ് താവളമാണെന്നാരോപിച്ചാണ് ഇസ്രയേൽ ബോംബിട്ടത്. എന്നാൽ, ഇത് 6,000 അന്തേവാസികളുള്ള അഭയകേന്ദ്രമാണെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) മേധാവി ഫിലീപ് ലാസ്സറീനി വ്യക്തമാക്കി.
മധ്യഗാസയിൽ ഇസ്രയേൽ സൈന്യം ഏതാനും ദിവസങ്ങളായി കനത്ത ആക്രമണമാണു തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 68 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, വെടിനിർത്തലിന് ഇരുപക്ഷവും ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് യുഎസ്, ബ്രിട്ടൻ, കാനഡ അടക്കം 16 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർഥിച്ചു. മേയ് 31നു യുഎസ് പ്രസിഡന്റ് മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതി അംഗീകരിക്കണമെന്നാണ് അഭ്യർഥന. മധ്യസ്ഥരായ ഈജിപ്തിന്റെയും ഖത്തറിന്റെയും പ്രതിനിധികളുമായി ബുധനാഴ്ച ദോഹയിൽ സിഐഎ മേധാവി വില്യം ബേൺസ് ചർച്ച നടത്തി.
ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്ക യുഎൻ ലോക കോടതിയിൽ (ഐസിജെ) നൽകിയ വംശഹത്യാ കേസിൽ കക്ഷിചേരാൻ സ്പെയിൻ അപേക്ഷ നൽകി. മെക്സിക്കോ, കൊളംബിയ, നിക്കരാഗ്വ, ലിബിയ എന്നീ രാജ്യങ്ങളും ഇസ്രയേലിനെതിരെ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. ഇസ്രയേലിന്റെ ഹൈഫ തുറമുഖത്ത് ആയുധങ്ങളുമായെത്തിയ 2 കപ്പലുകളെ ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു.
ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 36,654 പലസ്തീൻകാർ. 83,309 പേർക്കു പരുക്കേറ്റു.