ഗാസ അഭയാർഥിക്യാംപിലെ കൂട്ടക്കൊല: മരണം 274
Mail This Article
ജറുസലം ∙ മധ്യഗാസയിൽ കനത്ത ബോംബിങ്ങും ഷെല്ലാക്രമണവും തുടരുന്നതിനിടെ, കഴിഞ്ഞ ദിവസം അൽ നുസുറത്ത് അഭയാർഥിക്യാംപിൽ ഇസ്രയേൽ കമാൻഡോകൾ നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടമായ പലസ്തീൻകാരുടെ എണ്ണം 274 ആയി ഉയർന്നു. ഇതിൽ 64 പേർ കുട്ടികളും 57 പേർ സ്ത്രീകളുമാണ്. 698 പേർക്കാണു പരുക്കേറ്റത്. നുസുറത്തിലെ ആക്രമണം കൂട്ടക്കൊലയെന്ന് യൂറോപ്യൻ യൂണിയൻ അപലപിച്ചു. 1948 ലെ അറബ്–ഇസ്രയേൽ യുദ്ധകാലത്തു നിർമിച്ചതാണു നുസുറത്ത് അഭയാർഥി ക്യാംപ്. ഇവിടെ പാർപ്പിച്ചിരുന്ന 4 ബന്ദികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. എന്നാൽ, ആക്രമണത്തിൽ ഒരു യുഎസ് പൗരൻ അടക്കം 3 ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധവിഭാഗം സമൂഹമാധ്യമ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
അൽ ബുറെജ്, അൽ മഗസി, അൽ നുസുറത്ത് മേഖലകൾക്കു പുറമേ ഇസ്രയേൽ ടാങ്കുകൾ കിഴക്കൻ റഫയിലെ രണ്ടു ജില്ലകളിലേക്കു കൂടി ഇന്നലെ പ്രവേശിച്ചു. ഇതോടെ മധ്യഗാസയിലെ പ്രദേശങ്ങളും കിഴക്കൻ റഫയും പൂർണമായും ഇസ്രയേൽ സൈനികവലയത്തിലായി. യുദ്ധം രൂക്ഷമായതോടെ റഫയിൽ അഭയം തേടിയിരുന്ന 10 ലക്ഷത്തോളം പലസ്തീൻകാർ ഈ മാസാദ്യം വടക്കോട്ടു പലായനം ചെയ്തതായി യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യൂഎ) പ്രസ്താവിച്ചു. റഫയിലെ എല്ലാ യുഎൻ അഭയാർഥികേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. ഗാസയിലേക്കു ജീവകാരുണ്യ സഹായങ്ങൾ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നു ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.