ADVERTISEMENT

ജറുസലം ∙ ഗാസയിൽ വെടിനിർത്തലിനുള്ള നയതന്ത്രശ്രമങ്ങൾ യുഎസ് ഊർജിതമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലെത്തി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നതു തടയണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയെ കണ്ട ശേഷമാണ് ബ്ലിങ്കൻ ഇസ്രയേലിലേക്കു തിരിച്ചത്. ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളും ബ്ലിങ്കൻ സന്ദർശിക്കും. 

മേയ് 31 നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച വെടിനിർത്തൽ പദ്ധതിയിന്മേലുള്ള ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഇരുപക്ഷത്തും സമ്മർദം ശക്തമാക്കാൻ ബ്ലിങ്കന്റെ സന്ദർശനം. എന്നാൽ, ഈ വിഷയത്തിൽ ബ്ലിങ്കൻ മുൻപു നടത്തിയ ദൗത്യങ്ങളെല്ലാം പരാജയമായിരുന്നു. 

മധ്യഗാസയിലും കിഴക്കൻ റഫയിലും ഇസ്രയേൽ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുകയാണ്. 24 മണിക്കൂറിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. 218 പേർക്കു പരുക്കേറ്റു. ഒൻപതാം മാസത്തിലെത്തിയ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 37,124 ആയി. പരുക്കേറ്റവർ 84,712. 

യുദ്ധം ലബനനിലേക്കു കൂടി വ്യാപിച്ചേക്കുമെന്ന ആശങ്ക യുഎസിനുണ്ട്. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ല‌യും ഇസ്രയേൽ സൈന്യവുമായുള്ള സംഘർഷം രൂക്ഷമാണ്. 

ഗാസയിലേക്കു സഹായമെത്തിക്കാനുള്ള തടസ്സങ്ങൾ നീക്കാൻ രാജ്യാന്തര ശ്രമം വേണമെന്ന് ഈജിപ്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. റഫ ആക്രമണം ആരംഭിച്ചതോടെ ഈജിപ്ത് അതിർത്തി വഴി ഗാസയിലേക്കുള്ള സഹായവിതരണം നിലച്ചിരുന്നു. 

English Summary:

US Strengthens Diplomatic Channels for Gaza Peace Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com