സഹായവിതരണം: തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തലിന് സൈന്യം; എതിർത്ത് നെതന്യാഹു
Mail This Article
ജറുസലം ∙ ജീവകാരുണ്യ സഹായവിതരണത്തിനായി തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ വെടിനിർത്തൽ ഇടവേള പ്രഖ്യാപിച്ച സൈന്യത്തിന്റെ തീരുമാനത്തെ വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തി. സൈനിക സെക്രട്ടറിയോടു തന്റെ വിയോജിപ്പ് നെതന്യാഹു അറിയിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
-
Also Read
പട്ടിണിയുടെ നടുവിൽ ഗാസയിലെ പെരുന്നാൾ
ദേശീയ സുരക്ഷാമന്ത്രിയും തീവ്രവലതുപക്ഷ നേതാവുമായ ഇതാമർ ബെൻഗവറും വെടിനിർത്തലിനോടു വിയോജിച്ചു. വെടിനിർത്തൽ തീരുമാനമെടുത്തയാളുടെ ജോലി തെറിക്കുമെന്നും പറഞ്ഞു. ഒൻപതാം മാസത്തിലെത്തിയ ഗാസ യുദ്ധത്തിൽ ഇസ്രയേലിലെ കൂട്ടുകക്ഷി സർക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത ഇതോടെ പുറത്തായി.
ജീവകാരുണ്യ സഹായവിതരണം സാധ്യമാക്കുന്നതിനു തെക്കൻ ഗാസയിലെ പ്രധാന പാതയിൽ പകൽ സമയം വെടിനിർത്തൽ ഇടവേള അനുവദിക്കുമെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ പ്രഖ്യാപനം. എന്നാൽ റഫയിലെ സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി.
ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 7 വരെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള കരം ഷാലോം ഇടനാഴി മുതൽ റഫയിലെ സലാഹ് അൽ ദിൻ റോഡ് വരെയുള്ള 12 കിലോമീറ്റർ പരിധിയിലാണു വെടിനിർത്തൽ ബാധകം. രാജ്യാന്തര സഹായവുമായെത്തുന്ന ട്രക്കുകൾക്ക് ഈ മാർഗത്തിലൂടെ ഗാസയിൽ പ്രവേശിക്കാം. ഇതോടെ ഖാൻ യൂനിസ്, മുവാസി, മധ്യഗാസ എന്നിവിടങ്ങളിലേക്ക് സഹായമെത്തിക്കാനാവും. റഫ ഇസ്രയേൽ സൈന്യം പിടിച്ചതോടെ തെക്കൻ ഗാസയിൽ കരമാർഗം സഹായവിതരണം നിലച്ചിരുന്നു.
ഒക്ടോബർ 7നുശേഷം ഗാസ യുദ്ധം മൂലം തെക്കൻ ഇസ്രയേൽ അതിർത്തിയിൽനിന്ന് ഒഴിപ്പിച്ച പൗരന്മാർ സർക്കാർ ചെലവിൽ ഹോട്ടലുകളിലും ഗെസ്റ്റ്ഹൗസുകളിലുമാണു താമസിക്കുന്നത്. ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.
∙ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ 37,337 പലസ്തീൻകാർ കൊല്ലപ്പെട്ടു. 85,299 പേർക്കു പരുക്കേറ്റു.