ഫ്രാൻസ് തിരഞ്ഞെടുപ്പ്: അടിപതറി മക്രോ; മരീൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടി ഒന്നാമത്
Mail This Article
പാരിസ് ∙ തിരക്കിട്ടു പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഇമ്മാനുവൽ മക്രോയ്ക്ക് തിരിച്ചടിയായി. ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ തീവ്രവലതു നേതാവ് മരീൻ ലെ പെന്നിന്റെ സഖ്യം 33% വോട്ടുമായി ഒന്നാമതെത്തി. 28% വോട്ടുമായി ഇടതുസഖ്യമാണു രണ്ടാമത്. പ്രസിഡന്റ് മക്രോയുടെ മിതവാദി സഖ്യം വെറും 20% വോട്ടിലൊതുങ്ങി.
പാർലമെന്റിന്റെ അധോസഭയായ നാഷനൽ അസംബ്ലിയിലെ 557 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടന്നത്. അടുത്ത ഞായറാഴ്ചയാണ് രണ്ടാം ഘട്ടം. തീവ്രവലതു മുന്നണിയുടെ ജയസാധ്യത ഇല്ലാതാക്കാൻ മറ്റു പാർട്ടികൾ കഠിനശ്രമം തുടരുന്നു. ലെ പെൻ സഖ്യത്തിന്റെ സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ കെൽപുളള മറ്റൊരു സ്ഥാനാർഥിയുണ്ടെങ്കിൽ തങ്ങളുടെ സ്ഥാനാർഥികളെ പിൻവലിക്കുമെന്ന് ഷൊങ് ലുക് മെലാൻഷൊ നയിക്കുന്ന ഇടതു മുന്നണിയായ ന്യൂ പോപ്പുലർ ഫ്രണ്ടും മക്രോയുടെ മിതവാദി സഖ്യമായ ‘ഒൻസോംബ്ലും’ പ്രഖ്യാപിച്ചു കഴിഞ്ഞു.
വംശീയതയുടെയും ജൂതവിരോധത്തിന്റെയും പേരിൽ കുപ്രസിദ്ധി നേടിയ ലെ പെന്നിന്റെ നാഷനൽ റാലി പാർട്ടി തീവ്രനയങ്ങൾ മയപ്പെടുത്തിയും ജോർദാൻ ബാർദില എന്ന യുവനേതാവിനെ അധ്യക്ഷനാക്കിയുമാണ് ഇപ്പോൾ വൻകുതിപ്പു നടത്തിയത്.