ഫ്രാൻസ്: നാഷനൽ റാലിക്കെതിരെ റിപ്പബ്ലിക്കൻ ഐക്യ മുന്നണി
Mail This Article
പാരിസ് ∙ തീവ്രദേശീയതയെ തോൽപിക്കാൻ ഫ്രാൻസിലെ ഇടത്–മിതവാദി പാർട്ടികൾ വീണ്ടും കൈകോർക്കുന്നു. 2 പതിറ്റാണ്ടു മുൻപ് വിജയിച്ച ഈ തന്ത്രം വീണ്ടും പരീക്ഷിക്കാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പദ്ധതിയിടുന്നത്. ഒന്നാം ഘട്ട പാർലമെന്റ് തിരഞ്ഞെടുപ്പിൽ 33% വോട്ടുമായി മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ നാഷനൽ റാലി സഖ്യം ഞായറാഴ്ച നടക്കുന്ന രണ്ടാം ഘട്ടത്തിലും മുന്നിലെത്താതെ പ്രതിരോധിക്കാനുള്ള റിപ്പബ്ലിക്കൻ ഐക്യ മുന്നണിക്കുവേണ്ടിയാണ് മക്രോ ആഹ്വാനം ചെയ്തത്.
നാഷനൽ റാലി സ്ഥാനാർഥിക്കെതിരെ വിജയ സാധ്യതയുള്ള ഇടതു മുന്നണി സ്ഥാനാർഥിയുണ്ടെങ്കിൽ പിന്തുണയ്ക്കാൻ മക്രോ തന്റെ മിതവാദി സഖ്യത്തിനു നിർദേശം നൽകി. ഇതനുസരിച്ച് വിവിധ മിതവാദി പാർട്ടികളിലെ ഇരുന്നൂറിലേറെ സ്ഥാനാർഥികൾ പിന്മാറി. 2002 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, നാഷനൽ റാലിയുടെ അന്നത്തെ നേതാവും മരീൻ ലെ പെന്നിന്റെ പിതാവുമായ ഷൊങ് മാരി ലെ പെൻ, ജാക് ഷിറാക്കിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തുമെന്ന ഘട്ടത്തിൽ ഇത്തരം ഐക്യമുന്നണി രൂപീകരിച്ചാണ് അതു തടഞ്ഞത്.
ഇത്തവണ പക്ഷേ, ഈ നീക്കം എത്രത്തോളം വിജയിക്കുമെന്ന് പറയാനാകില്ല. പാർട്ടി നേതാക്കളുടെ നിർദേശം വോട്ടർമാർ അനുസരിക്കാനിടയില്ലെന്നു മാത്രമല്ല, നാഷനൽ റാലി തീവ്രനിലപാടു മയപ്പെടുത്തിയിട്ടുമുണ്ട്. 577 അംഗ നാഷനൽ അസംബ്ലിയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ സ്ഥാനാർഥികൾക്കു പുറമേ 12.5% എങ്കിലും വോട്ടുനേടിയവർക്കും മത്സരിക്കാം.