ഫ്രാൻസിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്
Mail This Article
പാരിസ് ∙ ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളത്തിലെ മാഹി ഉൾപ്പെടെ പഴയ ഫ്രഞ്ച് കോളനികളിലും വിദേശത്തുമുള്ള ഫ്രഞ്ച് പൗരന്മാരും ഇന്നലെ വോട്ടു ചെയ്തു തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തിയ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർഎൻ) സഖ്യത്തിന്റെ ലീഡ് കുറയുന്നുവെന്നാണ് അവസാന അഭിപ്രായ സർവേകൾ പറയുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മധ്യപക്ഷവും ഇടതുപക്ഷ പാർട്ടികളും ധാരണയുണ്ടാക്കി ആർഎൻ സഖ്യം അധികാരത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 577 അംഗ പാർലമെന്റിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്നാണ് അഭിപ്രായ സർവേ റിപ്പോർട്ട്. ആർഎൻ സഖ്യത്തിന് 175–205 സീറ്റും മക്രോയുടെ സഖ്യത്തിന് 118–148 സീറ്റും ഇടതുപക്ഷ ന്യൂ പോപ്പുലർ ഫ്രണ്ടിന് 145–175 സീറ്റും ലഭിച്ചേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാത്രി എട്ടിന് വോട്ടെടുപ്പ് അവസാനിച്ചാലുടൻ ഫലസൂചന ലഭിച്ചുതുടങ്ങും.