ടൈറ്റാനിക്, അവതാർ നിർമാതാവ് ജോൺ ലാൻഡോ ഓർമയായി
Mail This Article
ലൊസാഞ്ചലസ് ∙ ‘ടൈറ്റാനിക്’, ‘അവതാർ’ തുടങ്ങിയ വൻകിട സിനിമകൾക്കു പണം മുടക്കി ജയിംസ് കാമറണിന്റെ ചലച്ചിത്ര സ്വപ്നങ്ങൾ സാക്ഷാത്കരിച്ച ഹോളിവുഡ് നിർമാതാവ് ജോൺ ലാൻഡോ (63) അന്തരിച്ചു. ഒരു കൊല്ലത്തിലേറെയായി അർബുദത്തിനു ചികിത്സയിലായിരുന്നു.
ചലച്ചിത്ര നിർമാതാവിന്റെ മകനായി ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം കുടുംബത്തിലെ സിനിമാപാരമ്പര്യം പിന്തുടർന്ന് 1980കളിൽ പ്രൊഡക്‌ഷൻ മാനേജരായി. 29ാം വയസ്സിൽ ട്വന്റിയെത്ത് സെഞ്ചറി ഫോക്സ് ഫീച്ചർ സിനിമാ വിഭാഗത്തിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി. ‘ഹോം എലോൺ’, ‘ട്രൂ ലൈസ്’ തുടങ്ങിയ ഹിറ്റ് പടങ്ങളുടെ നിർമാണ മേൽനോട്ടം വഹിച്ചത് അക്കാലത്താണ്.
ആഗോള തലത്തിൽ 10 ലക്ഷം ഡോളർ വാരിക്കൂട്ടുന്ന ആദ്യ ചിത്രമായിത്തീർന്ന ടൈറ്റാനിക്കി(1997)നു പിന്നാലെ അവതാറും (2009) അതിന്റെ തുടർഭാഗമായ അവതാർ: ദ് വേ ഓഫ് വാട്ടറും (2022) ലാൻഡോയുടെ ഖ്യാതിക്കു മാറ്റു കൂട്ടി. അവതാർ ബോക്സ് ഓഫിസ് വരുമാനത്തിൽ ലോക റെക്കോർഡിട്ട ചിത്രമാണ്. 14 ഓസ്കർ നാമനിർദേശങ്ങൾ ലഭിച്ച ടൈറ്റാനിക് മികച്ച ചിത്രം ഉൾപ്പെടെ 11 പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ‘എന്നിൽനിന്നും ഒരുഭാഗം ചീന്തിയെടുക്കപ്പെട്ടിരിക്കുന്നു’ എന്നാണ് മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം സ്മരിച്ച് കാമറൺ കുറിച്ചത്.