സ്റ്റാമെർ മന്ത്രിസഭ: ഇന്ത്യൻ വംശജ ലിസ നന്ദി മന്ത്രി; വനിതകളുടെ എണ്ണം റെക്കോർഡ്– 11 പേർ

Mail This Article
ലണ്ടൻ ∙ ഇന്ത്യൻ വംശജയായ ലിസ നന്ദിയെ (44) സാംസ്കാരിക– കായികവകുപ്പു മന്ത്രിയായി യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിയമിച്ചു. മന്ത്രിസഭയിലുള്ള ഏക ഇന്ത്യൻ വംശജയാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിഗാനിൽനിന്നു ജയിച്ച ലിസ അടക്കം 11 വനിതകളാണു സ്റ്റാമെറിന്റെ 25 അംഗ മന്ത്രിസഭയിലുള്ളത്. ഇതു റെക്കോർഡാണ്. 2020 ൽ ലേബർ പാർട്ടിയുടെ മേധാവിയാകാനുള്ള മത്സരത്തിൽ സ്റ്റാമെറിനെതിരെ അവസാന റൗണ്ടിലെത്തിയ 3 പേരിലൊരാൾ ലിസ നന്ദിയായിരുന്നു. പാക്ക് വംശജയായ ഷബാന മഹ്‌മൂദ് നീതിന്യായ മന്ത്രിയായി; ലിസ് ട്രസിനുശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ്.
-
Also Read
ഫ്രാൻസിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്
സ്റ്റാമെർ മന്ത്രിസഭയിലെ റേച്ചൽ റീവ്സ് യുകെയിൽ ധനമന്ത്രിയാകുന്ന ആദ്യ വനിതയാണ്. ആഞ്ചല റെയ്നർ ഉപപ്രധാനമന്ത്രിയാകുന്ന ആദ്യവനിതയും. സാംസ്കാരികമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ഇന്ത്യൻ വേരുകളുള്ള ലേബർ നേതാവ് തങ്കം ഡെബനേർ തിരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യത്തിലാണു ലിസയ്ക്കു നറുക്കുവീണത്.
എല്ലാ മന്ത്രിസഭാംഗങ്ങളും 2016 ലെ ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയൻ (ഇയു) അനുകൂല നിലപാടെടുത്തവരാണെങ്കിലും ഇയുവിലേക്ക് ഇനി ബ്രിട്ടൻ മടങ്ങിപ്പോകില്ലെന്നാണ് സ്റ്റാമെർ തിരഞ്ഞെടുപ്പുകാലത്തു വ്യക്തമാക്കിയത്.
650 അംഗ ബ്രിട്ടിഷ് പാർലമെന്റിൽ 412 സീറ്റാണു ലേബർ പാർട്ടി നേടിയത്. കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് 365 സീറ്റുണ്ടായിരുന്നു.
ഇന്ത്യ– ബ്രിട്ടൻ വ്യാപാരക്കരാറിൽ പ്രതീക്ഷ
ന്യൂഡൽഹി ∙ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിയേർ സ്റ്റാമെറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യ– ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ യഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്റ്റാമെറുമായുള്ള ആശയവിനിമയത്തിൽ ധാരണയായി.
കരാറിനുള്ള ശ്രമങ്ങളിൽ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഇനിയും മുന്നോട്ടു പോകാനുണ്ടെന്നു നേരത്തേ മുൻ പ്രധാനമന്ത്രി ഋഷി സുനക് ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇനിയും ചർച്ചകൾ വേണ്ടിവന്നേക്കും. കരാർ വഴി 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നാണു പ്രതീക്ഷ. ഇന്ത്യ– ബ്രിട്ടൻ വ്യാപാരക്കരാർ സംബന്ധിച്ചു 2022 മുതൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
അഭയാർഥികളെ നാടുകടത്തുന്ന പദ്ധതി റദ്ദാക്കി
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു നാടുകടത്താനായി ഋഷി സുനക് സർക്കാർ കൊണ്ടുവന്ന വിവാദപദ്ധതി റദ്ദാക്കിയതായി കെയ്ർ സ്റ്റാമെർ പ്രഖ്യാപിച്ചു. ഇതു ലേബർ പാർട്ടി സർക്കാരിന്റെ ആദ്യദിവസത്തെ പ്രധാന തീരുമാനമായി.
ചെറുബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്നെത്തുന്ന അഭയാർഥികളെ നിയന്ത്രിക്കാൻ കൺസർവേറ്റീവ് സർക്കാർ കഴിഞ്ഞ ഏപ്രിലിൽ കൊണ്ടുവന്ന നാടുകടത്തൽ വ്യാപക വിമർശനം നേരിട്ടിരുന്നു. അഭയാർഥിപ്രശ്നം കൈകാര്യം ചെയ്യാൻ ബദൽ മാർഗം കണ്ടെത്തുമെന്നും സ്റ്റാമെർ പ്രഖ്യാപിച്ചു. പദ്ധതി തുടരില്ലെന്നു ലേബർ പ്രകടനപത്രികയിലും വാഗ്ദാനം ചെയ്തിരുന്നു.