റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി
Mail This Article
മോസ്കോ ∙ റഷ്യയിലെ കസാൻ, യെക്കാത്തെരിൻബെർഗ് എന്നീ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരഭ്രഷ്ടരായ സാർ ചക്രവർത്തിയെയും കുടുംബത്തെയും ബോൾഷെവിക്കുകൾ വധിച്ചത് യെക്കാത്തെരിൻബെർഗിൽവച്ചാണ്.
സ്വയംഭരണാധികാരമുള്ള തത്താർസ്ഥാൻ റിപബ്ലിക്കിന്റെ തലസ്ഥാനമായ കസാൻ ശാസ്ത്രപഠനങ്ങൾക്കും ഗവേഷണത്തിനും പേരുകേട്ടതാണ്.
നിലവിൽ റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിലും വ്ളാഡിവോസ്റ്റോക്കിലുമാണു ഇന്ത്യൻ കോൺസുലേറ്റുകളുള്ളത്.
ഇന്ത്യയിൽ ചെറുകിട ആണവനിലയങ്ങൾ നിർമിക്കാൻ റഷ്യ സഹായം നൽകും. 6 നിലയങ്ങൾ നിർമിക്കാനാണു ധാരണ. ആണവസാങ്കേതിക വിദ്യയ്ക്കൊപ്പം ആണവനിലയ ഭാഗങ്ങളും കൈമാറും.
റഷ്യയിലെ ആറ്റം പവലിയനിൽ പുട്ടിനൊപ്പം മോദി സന്ദർശനം നടത്തി. നിലവിൽ കൂടംകുളം ആണവനിലയ പദ്ധതിയിലാണു റഷ്യ സഹകരിക്കുന്നത്. പ്രതിരോധ രംഗത്താവശ്യമായ ഉപകരണഭാഗങ്ങളുടെ വിതരണത്തിനും കപ്പൽ നിർമാണരംഗത്തെ സഹകരണത്തിനും ധാരണയായി.
തിങ്കളാഴ്ച പുട്ടിന്റെ വസതിയിലെത്തിയ മോദി, ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. റഷ്യയിലെ ഇന്ത്യാസമൂഹം നൽകിയ സ്വീകരണത്തിലും മോദി പങ്കെടുത്തു.