ലബനൻ ഗ്രാമങ്ങളിൽ ബോംബിട്ട് ഇസ്രയേൽ
Mail This Article
ജറുസലം ∙ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായതോടെ തെക്കൻ ലബനനിലെ അതിർത്തിഗ്രാമങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ശനിയാഴ്ച ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റാക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടതിനു തിരിച്ചടിയാണിത്.
റോക്കറ്റാക്രമണം നടത്തിയിട്ടില്ലെന്നു ഹിസ്ബുല്ല വ്യക്തമാക്കിയെങ്കിലും ഗാസ സംഘർഷം ലബനനിലേക്കും കത്തിപ്പടരുന്ന സാഹചര്യമാണുള്ളത്. യുഎസ് സന്ദർശനം കഴിഞ്ഞെത്തിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നലെ അടിയന്തര സുരക്ഷാ കാബിനറ്റ് ചേർന്നു. ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസ് ഗ്രാമത്തിൽ കുട്ടികളുടെ ഫുട്ബോൾ മൈതാനത്താണു റോക്കറ്റാക്രമണമുണ്ടായത്.
ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണു ലബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലയും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചത്. ഹിസ്ബുല്ല നടത്തുന്ന തുടർച്ചയായ റോക്കറ്റാക്രമണങ്ങൾ മൂലം വടക്കൻ ഇസ്രയേൽ അതിർത്തിയിലെ ഒരു ലക്ഷത്തോളം ഇസ്രയേൽ പൗരന്മാരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. 1982 ൽ ഇസ്രയേൽ ലബനൻ ആക്രമിച്ചപ്പോഴാണ് ഇറാൻ സൈനിക സഹായത്തോടെ ഹിസ്ബുല്ല രൂപമെടുത്തത്. വർഷങ്ങൾ നീണ്ട ഹിസ്ബുല്ലയുടെ ഒളിപ്പോരിനൊടുവിൽ 2000 ൽ ഇസ്രയേൽ സൈന്യം ലബനനിൽനിന്നു പിൻവാങ്ങി. 2006 ലാണ് ഒടുവിൽ ഹിസ്ബുല്ല–ഇസ്രയേൽ യുദ്ധമുണ്ടായത്. അതിനിടെ, ഇസ്രയേൽ സൈന്യം 24 മണിക്കൂറിനിടെ തെക്കൻ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 66 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു കിഴക്കുള്ള അൽ കരാര, അൽ സന്ന, ബാനി സുഹൈല എന്നീ പട്ടണങ്ങളുടെ ഉൾമേഖലകളിലേക്ക് ഇസ്രയേൽ ടാങ്കുകൾ എത്തി. ഇവിടെ ഹമാസുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നുവെന്നാണു റിപ്പോർട്ട്. ഖാൻ യൂനിസിൽനിന്നു പലായനം ചെയ്യുന്ന പതിനായിരങ്ങൾ, ഗാസയുടെ പടിഞ്ഞാറൻ മേഖലയിലെ അൽ മവാസിയിലേക്കും വടക്കു ദെയ്റൽ ബലാഹിലേക്കുമാണു നീങ്ങുന്നത്. ഗാസ വെടിനിർത്തൽ മധ്യസ്ഥ ചർച്ചകളുടെ ഭാഗമായി ഇസ്രയേൽ, ഈജിപ്ത് ഇന്റലിജൻസ് ഏജൻസികളുടെ മേധാവിമാരുമായും ഖത്തർ പ്രധാനമന്ത്രിയുമായും സിഐഎ മേധാവി വില്യം ബേൺസ് റോമിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 39,324 പലസ്തീൻകാർ കൊല്ലപ്പെട്ടു. 90,830 പേർക്കു പരുക്കേറ്റു.
ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശം
സിറിയയിൽനിന്ന് 1967ലെ യുദ്ധത്തിലാണ് ഇസ്രയേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തത്. ഈ നടപടി ലോകരാജ്യങ്ങളിലേറെയും അംഗീകരിച്ചിട്ടില്ല. ഇസ്രയേലിലെ അറബ് ന്യൂനപക്ഷമായ ദ്രൂസ് വിഭാഗക്കാരാണ് റോക്കറ്റാക്രമണമുണ്ടായ മജ്‌ദൽ ഷംസ് ഗ്രാമത്തിൽ താമസിക്കുന്നത്. ഗോലാൻ കുന്നുകളിലെ ജനസംഖ്യയുടെ പകുതിയോളം (20,000) ഇവരാണ്.