ഹമാസിന്റെ നയതന്ത്രമുഖം; പലസ്തീൻ രാഷ്ട്രീയത്തിനായി കണിശതയോടെ നിലകൊണ്ട നേതാവ്

Mail This Article
ജറുസലം ∙ ഗാസ യുദ്ധം ആരംഭിച്ചശേഷം ഖത്തറിലും ഈജിപ്തിലും നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ചിരുന്നത് ഇസ്മായിൽ ഹനിയ ആണ്. പ്രായോഗികബുദ്ധിയുള്ള നേതാവായാണ് അദ്ദേഹം അറബ് ലോകത്ത് അറിയപ്പെട്ടിരുന്നത്. കണിശമായി സംസാരിക്കുമ്പോഴും ഹമാസിലെ രണ്ടാമനും സൈനിക വിഭാഗം മേധാവിയുമായ യഹിയ സിർവാറിനെ അപേക്ഷിച്ച് മിതവാദിയായി അദ്ദേഹം വിലയിരുത്തപ്പെട്ടു.
ഗാസയിൽ വിലക്ക് ഉള്ളതിനാൽ 2019 ൽ അവിടം വിട്ട് ഖത്തറിലെത്തിയശേഷം മടങ്ങിപ്പോയിട്ടില്ല. ദോഹയിലെ ഹമാസിന്റെ ഓഫിസ് ആയി പ്രവർത്തനകേന്ദ്രം. പലസ്തീൻ നയതന്ത്രത്തിന്റെ പൊതുമുഖമായി മാറിയ ഹനിയയുടെ മരണം സമാധാനചർച്ചകൾക്കു വലിയ ക്ഷീണമാകുമെന്നു വിലയിരുത്തലുണ്ട്.
ഗാസ സിറ്റിയിലെ ഷാതി അഭയാർഥിക്യാംപിൽ 1963 ലാണു ജനനം. സിറ്റിയിലെ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരിക്കേ പലസ്തീൻ രാഷ്ട്രീയത്തിൽ സജീവമായി. 3 തവണ ഇസ്രയേൽ തടവിലാക്കി. 1992 ൽ നൂറുകണക്കിനു ഹമാസ് അംഗങ്ങൾക്കൊപ്പം ലബനനിലേക്കു നാടുകടത്തി. സമാധാനക്കരാറിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം ഗാസയിൽ തിരിച്ചെത്തി. ഹമാസ് സ്ഥാപക നേതാവായ ഷെയ്ഖ് അഹ്മദ് യാസീൻ 1997 ൽ ജയിൽമോചിതനായപ്പോൾ അദ്ദേഹത്തിനു സഹായിയായി നിയോഗിക്കപ്പെട്ടത് ഹനിയയാണ്. 2003 ൽ യാസീനെതിരെ വധശ്രമമുണ്ടായപ്പോൾ ഒപ്പം ഹനിയയുമുണ്ടായിരുന്നു. 2004 ൽ യാസീൻ കൊല്ലപ്പെട്ടു. പിൻഗാമിയായ അബ്ദുൽ അസീസ് രന്റിസിയും ഒരു മാസത്തിനുശേഷം ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഹമാസ് പലസ്തീൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഹനിയ നേതൃത്വത്തിലേക്കു വന്നശേഷമാണ്. 2006 ൽ കുറച്ചുകാലം അദ്ദേഹം പലസ്തീൻ പ്രധാനമന്ത്രിയായി. 2007 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഗാസയിൽ ഹമാസ് തിരഞ്ഞെടുപ്പുവിജയം നേടി. ഇതോടെ ഈജിപ്തുമായി ചേർന്ന് ഇസ്രയേൽ ഗാസയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തി.
10 വർഷത്തോളം ഗാസയുടെ ഭരണനേതൃത്വം വഹിച്ചശേഷം 2017 ൽ ആണു ഹനിയ ഹമാസിന്റെ മേധാവിയാകുന്നത്. പിന്നാലെ ഇസ്രയേലും യുഎസും അദ്ദേഹത്തെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. 2019 ൽ ഗാസയിലെ ഹമാസിന്റെ നിയന്ത്രണം യഹിയ സിൻവാറിനു കൈമാറിയാണു ഹനിയ ഖത്തറിലെത്തുന്നത്.
യുഎസ് മുൻകയ്യെടുത്ത വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴാണു ഹനിയ കൊല്ലപ്പെടുന്നത്. സമാധാനം കൂടുതൽ അകലേക്കു പോകുന്നുവെന്ന ദുഃസൂചനയാണിത് നൽകുന്നത്. ഹനിയയുടെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികളിലേക്ക് ഹമാസ് നേതൃത്വം കടന്നിട്ടുണ്ട്. ഖത്തറിൽ പ്രവാസിയായി കഴിയുന്ന മുതിർന്ന നേതാവായ ഖാലിദ് മിഷാൽ ആണു ഇക്കൂട്ടത്തിൽ പ്രമുഖൻ.