ഹനിയ വധത്തിൽ ഞെട്ടി ഇറാൻ, അഭിമാനക്ഷതം; നിഴൽയുദ്ധം വിട്ട് രണ്ടു ശക്തികൾ നേർക്കുനേർ

Mail This Article
ന്യൂഡൽഹി ∙ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ വധിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷവും സങ്കീർണവുമായി. ഇറാന്റെ സൈനിക–ആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽ കടന്നു മുൻപ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാനെയും ഞെട്ടിച്ചു.
കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാൻ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാൻ കാരണമായതെന്നു കരുതുന്നവരുണ്ട്.
2019 നു ശേഷം ടെഹ്റാനിൽ ഹനിയ പതിനഞ്ചോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ടെഹ്റാൻ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘർഷത്തിനുമുൻപ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നുണ്ട്, ലബനനിൽനിന്നും സിറിയയിൽനിന്നും ഹിസ്ബുല്ലയിലൂടെയാണ് ഇറാൻ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോൾ നേരിട്ടും ഏറ്റുമുട്ടാൻ തുടങ്ങിയതോടെ മേഖലയിൽ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.
ഇറാനെ സംബന്ധിച്ചിടത്തോളം ഹനിയയുടെ വധം വലിയ അഭിമാനക്ഷതമാണ്. കഴിഞ്ഞ മാസം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. ‘ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വകവരുത്തി’ എന്നാണു ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രതികരിച്ചത്. ഇതിന്റെ ശിക്ഷ കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനിടെ 2 ലക്ഷ്യങ്ങളാണ് ഇസ്രയേൽ നേടിയത്–ചൊവ്വാഴ്ച രാത്രി ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡറെ ബെയ്റൂട്ടിലെ വീട്ടിൽ മിസൈലാക്രമണത്തിൽ കൊലപ്പെടുത്തി. മണിക്കൂറുകൾക്കുശേഷം ടെഹ്റാനിൽ മിസൈലാക്രമണത്തിൽ ഹമാസ് മേധാവിയെ ഇല്ലാതാക്കി. ഇസ്രയേലിന്റെ ശത്രുക്കൾ സുരക്ഷിതമെന്നു കരുതിയിരുന്ന ഇറാൻ ഭൂമി ഇനി സുരക്ഷിതമല്ലെന്നു പ്രഖ്യാപിക്കാനും അവർക്കായി. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാവുമെന്നതാണ് ആശങ്കപ്പെടുത്തുന്നത്.